കോവിഡ് ട്രാക്കിങ്ങ് സംവിധാനം എന്ന പേരില്‍ രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സേതു എന്ന ആപ്ലിക്കേഷന്‍ ആരുണ്ടാക്കിയെന്നോ, എങ്ങനെ ഉണ്ടാക്കിയെന്നോ അറിയില്ലെന്നാണ് കേന്ദ്ര ഇലട്രോണിക്‌സ് മന്ത്രാലയം, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, നാഷണല്‍ ഇ ഗവേര്‍ണന്‍സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയുടെ നിലപാട്.
നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ഐടി മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിവരാവകാശ ചോദ്യത്തിന് മറുപടിയായി ആപ്ലിക്കേഷന്‍ സൃഷ്ടിച്ചത് ആരെന്ന അറിവില്ലെന്നാണ് ഇരു ഏജന്‍സികളും പറയുന്നത്.
ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചത് ആരാണ് എന്നത് ‘ഒഴിവാക്കാവുന്ന ഉത്തരങ്ങള്‍’ എന്ന് വിഭാഗത്തില്‍ പെടുത്തിയ സംഭവത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. ‘അധികൃതര്‍ വിവരങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.
വിവിധ മന്ത്രാലയങ്ങള്‍ ആപ്ലിക്കേഷന്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചുണ്ടിക്കാട്ടി ആക്ടിവിസ്റ്റ് സൗരവ് ദാസ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. ആപ്ലിക്കേഷനായി നിര്‍ദ്ദേശിച്ചതാര്, അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, നിര്‍മാണത്തില്‍ പങ്കാളികളായി കമ്പനികള്‍, വ്യക്തികള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ വ്യക്തികളുമായുള്ള കരാറുകളുടെ പകര്‍പ്പുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അപേക്ഷയില്‍ രണ്ട് മാസം വിവിധ വകുപ്പുകളില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവില്‍ ആപ്പ് നിര്‍മാണം സബന്ധിച്ച വിവരങ്ങളില്ലെന്ന് നാഷണന്‍ ഇന്റോമാറ്റിക് സെന്റര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഐടി മന്ത്രാലയം ചോദ്യം ദേശീയ ഇഗവേണന്‍സ് ഡിവിഷനിലേക്ക് കൈമാറി. അപേക്ഷയില്‍ പറഞ്ഞ വിവരങ്ങള്‍ ബന്ധപ്പെട്ടതല്ലെന്നായിരുന്നു മറുപടി. പിന്നാലെയാണ് ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും ദേശീയ ഇഗവേണന്‍സ് ഡിവിഷനും വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടിയത്.