സാമ്പത്തിക സംവരണ വിഷയത്തില്‍ ലീഗിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചും ബിജെപിയെ പ്രശംസിച്ചും ചങ്ങനാശ്ശേരി അതിരൂപത മെത്രാപൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം. ആദര്‍ശത്തിന്റെ പേരിലല്ല മുസ്ലിം ലീഗ് സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നതന്നും പാര്‍ട്ടിയുടെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നതിന്റെ തെളിവാണിതെന്നും ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു.
‘ഉന്നതവിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 12 സതമാനം വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങള്‍ ഇതര സമൂഹങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടോയെന്ന സംശയം ന്യായമാണ്. ലീഗിന്റെ വര്‍ഗീയ നിലപാട് ഹാഗിയ സോഫിയ വിഷയത്തിലും കണ്ടതാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിന് രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായും മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമാണ്. സ്‌കോളര്‍ഷിപ്പ് പോലുള്ള ആനുകൂല്യങ്ങളില്‍ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുകയാണ്. മതപഠനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കില്‍ ഇസ്ലാമിക മതപഠനത്തിന് മാത്രമാണ്. മറ്റ് സമുദായങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെ എതിര്‍ക്കുന്നുവെന്നതിനെ ന്യായീകരിക്കാനാകില്ല. സമുദായബോധം നല്ലതാണ് എന്നാല്‍ അത് മറ്റ് സുദായങ്ങള്‍ക്ക് ദോഷകരമാകരുതെന്നും’ ലേഖനത്തില്‍ പറയുന്നു.
സാമ്പത്തിക സംവരണം ഇന്ത്യയില്‍ പ്രായോഗികമാകാന്‍ ശക്തമായ നിലപാടാണ് ബിജെപി ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ‘വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കാനാകാതെ യുഡിഎഫ് ദുര്‍ബലമായിരിക്കുകയാണോയെന്നും ചോദ്യമുന്നയിക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്ത പോലെ തോന്നുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണ്. ബംഗ്ലാദേശ് പോലും ജമാ അത്തെ ഇസ്ലാമി നേതാക്കളെ കഠിന ശിക്ഷകള്‍ക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്ന് പറയുമ്പോള്‍ അവരുടെ ഭീകരതയുടെ ആഴം മനസ്സിലാകും. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാനാകുമെന്നും’ ലേഖനം ചോദിക്കുന്നു.