തിരുവനന്തപുരം: ഇടുക്കി കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ബന്ധുക്കൾ. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതിൽ മനം നൊന്ത് 2017 ഏപ്രിലിലാണ് കട്ടപ്പന സ്വദേശിയായ കെ എൻ ശിവൻ ആത്മഹത്യ ചെയ്തത്.
വ്യാജ ആധാരമുണ്ടാക്കിയാണ് ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തെന്ന് കാണിച്ച് അന്ന് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിന് ശിവൻ പരാതി നല്‍കിയിരുന്നു. എന്നാൽ പരാതിയിൽ ശ്രീറാം വെങ്കിട്ടരാമൻ നടപടിയെടുത്തില്ലെന്നാണ് ശിവന്‍റെ സഹോദര പുത്രനായ കെ ബി പ്രദീപ് ആരോപിക്കുന്നത്.
വിഷയത്തിൽ തുടര്‍നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്‍റെ ഓഫീസിൽ വിവരാവകാശം നല്‍കിയിരുന്നു. എന്നാൽ പരാതിക്കാരനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നാല് തവണ നോട്ടീസ് ലഭിച്ചെങ്കിലും എത്തിയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. എന്നാൽ ഇത് ശ്രീറാം വെങ്കിട്ടരാമൻ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പ്രദീപ് ആരോപിക്കുന്നത്.