കോഴിക്കോട് : കരൾ ബാധിതനായി ചികിത്സയിലായിരുന്ന അച്ഛനു വേണ്ടി കരൾ നൽകി മാതൃകയായ യുവ സംവിധായകൻ കോഴിക്കോട് ഒള്ളൂർ സ്വദേശി അധിനിനെ അഭിനന്ദിച്ച് സിനിമ സീരിയൽ നടൻ വിനോദ് കോവൂർ. ലോക്ക് ഡൗൺ കാലത്ത് ഏറെ വിഷമമേറിയ വർത്തകൾ മാത്രം കണ്ടു വരുന്നതിടയിൽ അധിനിന്റെ വാർത്ത കാണാനിടയായത് ഏറെ സന്തോഷം നൽകിയെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു.
“എനിക്ക് ജീവിതം തന്ന ആളിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് എന്റെ കൂടി കടമയാണെന്നാണ് എന്റെ വിശ്വാസമെന്ന് ” കുന്ദമംഗലം ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ അധിൻ പറഞ്ഞ വാക്കുകൾ ഏറെ മനസ്സിൽ തറച്ചുവെന്ന് താരം പറഞ്ഞു. മക്കൾ വഴി തെറ്റി പോയി അച്ഛന്മാർക്ക് തലവേദനയാകുന്ന കാലത്ത് അധിൻ നടത്തിയ ഈ പ്രവർത്തനം പ്രശംസനീയമാണ്. ഇരുപത്തിയഞ്ചു വയസ്സ് പ്രായമുള്ള ഒരു വ്യക്തി ഇങ്ങനെയൊക്കെ ചിന്തിച്ചു എന്നത് ഞാൻ വളരെയധികം പോസിറ്റീവായി കാണുകയാണ്.
കരൾ നൽകിയ യുവാവ് കോഴിക്കോട്ടുകാരനും അതിലുപരി കലാകാരൻ ആണെന്നുള്ളതും സന്തോഷം കൂട്ടുന്നു. ഞാനും കലാകാരനായതിൽ ഈ നിമിഷം സന്തോഷിക്കുന്നു. വാർത്ത അറിഞ്ഞ ഉടനെ അധിനിനെനെയും അച്ഛനെയും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ നിലവിൽ ഞാൻ സ്ഥലത്തില്ലാത്തതിനലാണ് ബന്ധപ്പെടാൻ കഴിയാതെ പോയത്.
തമാശയായി കമിതാക്കൾ കരളു പറിച്ചു തരുമെന്ന് പറയുന്ന കാലത്ത് സ്വന്തം അച്ഛന് വേണ്ടി അതു ചെയ്തു കാണിച്ച ഈ യുവാവ് സമൂഹത്തിന് മാതൃകയാണ്. അധിനും കുടുംബത്തിനും എല്ലാവിധ പ്രാർത്ഥനകളും നേരുന്നു.