മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാടും അറിയിച്ചു.
കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ജലം ഇടുക്കി അണക്കെട്ടിലേക്കാകും ഒഴുകിയെത്തുകയെന്ന് കേരളം വ്യക്തമാക്കി. തുടര്‍ന്നാണ് ശനിയാഴ്ച വരെ 138 അടിയില്‍ നിജപ്പെടുത്താമെന്ന് തമിഴ്നാട് അറിയിച്ചത്.138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും.