ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന നികുതിയും, സുരക്ഷാ മാനദണ്ഡങ്ങളും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. അതേസമയം ഈ വര്‍ഷം 50 ശതമാനം സി.എന്‍.ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ടി.വി.എസ്, ഹീറോ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.