കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ്, കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരെയാണ് അധികൃതർ പിടികൂടിയത്.
ജിദ്ദയിൽ നിന്നെത്തിയ മുഹമ്മദ്, ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഖത്തറിലെ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വർണ്ണ മിശ്രിതവും കസ്റ്റംസ് പിടികൂടി.