കുന്ദമംഗലം : വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച വ്യവസായ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മർക്കസ് ഐ.ടി.ഐ യിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ.ടി.ഐ യിൽ ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്ന ആയിരത്തോളം ഉദ്യോഗാര്‍ത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഓട്ടോമോട്ടിവ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, എയർ കണ്ടീഷനിംഗ്, മെക്കാനിക്കൽ, നിർമ്മാണം, ഘന വ്യവസായം, തുടങ്ങിയ മേഖലകളിൽ നിന്ന് ഇരുപതോളം പ്രശസ്ത കമ്പനികൾ തൊഴിൽ മേളയിൽ ഉദ്യോഗാര്‍ത്ഥികളെ തേടിയെത്തി. പകുതിയിലധികം ഉദ്യോഗാര്‍ത്ഥികൾക്കും കോഴ്സ് കഴിയുന്നതോടെ തൊഴിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ ഒന്‍പതിന് ആരംഭിച്ച തൊഴിൽ മേള മർക്കസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പാൾ എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മർക്കസ് അക്കാദമിക് പ്രോജക്ട് ഡയറക്ടർ പ്രൊ. കെ.വി ഉമർ ഫാറൂഖ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദലി സഖാഫി വള്ളിയാട്, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി, സീനിയർ ഇൻസ്ട്രക്ടർ അബ്ദുറഹിമാൻ കുട്ടി, സി. ചന്ദ്രൻ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ സ്വാഗതവും പ്രോഗ്രാം കണ്‍വീനർ ഷമീർ പി.കെ നന്ദിയും പറഞ്ഞു.