മുംബൈ:ലഹരിമരുന്ന് കൈവശം വെച്ച സംഭവത്തിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ബുധനാഴ്ച ജയിൽമോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു. ക്രിസാൻ ഷാർജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പൊലീസിൽ ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകുകയായിരുന്നു. ആന്റണിക്ക് പെരേര കുടുംബവുമായുണ്ടായ പൂർവവൈരാഗ്യമാണ് ക്രിസാനിനെ കുടുക്കിയതിലേക്ക് എത്തിച്ചത് എന്നാണ് നിഗമനം .