മലപ്പുറം: ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക്
സഹായത്തിനായി മാറ്റി വെച്ച് മംഗലാപുരം ബന്തവാൽ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരൻ . ജീവ കാരുണ്യ മേഖലയിൽ വേറിട്ട മാതൃകയാവുകയാണ് ഇദ്ദേഹം.
കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകണമെന്നായിരുന്നു അബ്ദുൽ റഹ്മാന്റെ ആഗ്രഹം. എന്നാൽ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു അബ്ദുൽ റഹ്മാൻ സമ്പാദ്യം മുഴുവൻ ദാനം ചെയ്തത്.
വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി. വര്ഷങ്ങളായി താൻ നിത്യ തൊഴിൽ എടുത്ത് ലഭിക്കുന്ന തുകയിൽ ഒരു ഭാഗം മാറ്റി വെച്ച് ഹജ്ജ് തീർത്ഥാടനത്തിനായി കൂട്ടി വെച്ച പണം അശരണന്റെ ശൂന്യമായ വയറിന്റെ വിളിക്കുത്തരം നൽകാൻ ചെലവഴിച്ചത് സാമൂഹൃ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അബ്ദുൽ റഹ്മാനെ പ്രശംസിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. ഇതാണ് അബ്ദുറഹിമാനെ സഹായിക്കാൻ കാരണമായത്.
അബ്ദു റഹ്മാന്റെ സാമൂഹ്യ സേവനം ശ്രദ്ധയിൽപെട്ട മലപ്പുറം സ്വദേശി, മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന്റെ ഹജ്ജിനുള്ള തുക താൻ വഹിക്കാമെന്നേറ്റ് പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങളെ തന്റെ സന്നദ്ധ അറിയിച്ചതും. തുടർന്ന് ഇദ്ദേഹത്തെ ഇക്കാര്യം തങ്ങൾ അറിയിച്ചു. കൊറോണ കാലം മാറിയാൽ ഈ വർഷം തന്നെ അദ്ദേഹത്തിന് ഹജ്ജ് നിർവ്വഹിക്കാനായി സഊദിയിലേക്ക് പോകാൻ സാധിക്കും .
സഹജീവികളുടെ വിശപ്പടക്കലാണ് പ്രഥമ കടമയെന്ന് മനസ്സിലാക്കി,മനസ്സ് നിറക്കുന്ന നന്മയുടെ വസന്തമായി മാറിയി ഈ മനുഷ്യ സ്നേഹിയുടെ പ്രവർത്തനം . ഏറെ പ്രശംസ അർഹിക്കുന്നതാണ്.

