
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പോലീസ് ഇൻസ്പെക്ടറും വനിതാ സുഹൃത്തും അറസ്റ്റിൽ.സസ്പെൻഷനിൽ കഴിയുന്ന എറണാകുളം തോപ്പുംപടി പോലീസ് ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി ചീനിക്കടുപ്പിൽ സി.ടി. സഞ്ജയ് (47), വനിതാ സുഹൃത്തും കോട്ടയത്തെ കാൻ അഷ്വർ സ്ഥാപന ഉടമയുമായ മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടമുറിയിൽ പ്രീതി മാത്യു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ കുടകിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.
പ്രീതിയ്ക്കായി പോലീസ് കർണ്ണാടകയിൽ നടത്തിയ തിരച്ചിലിലാണ് ഒപ്പം താമസിച്ചിരുന്ന ഇൻസ്പെക്ടറും കുടുങ്ങിയത്.പത്തനംതിട്ട കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലിനോക്കുന്നതിനിടെയാണ് പ്രീതിയുമായി ഇൻസ്പെക്ടർ അടുപ്പം സ്ഥാപിച്ചത്.തുടർന്ന് ഇരുവരും തട്ടിപ്പിൽ പങ്കാളികളായി. കൂടുതൽ ആളുകളിൽനിന്ന് പണം തട്ടിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഉത്തരവിട്ടു.