സുരക്ഷാ പ്രശ്‌നത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കേണ്ടിവന്നതിന് പിന്നാലെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതിന് എതിരായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി.സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ഞങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിച്ച ഉടനെ പോലീസ് സന്നാഹം തകരാറിലായി. എന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടപ്പിച്ചതിനെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവെക്കേണ്ടി വന്നു. യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.