ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ ഒന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായി.എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.
പ്രതിദിനം 1000 പേരെയാണ് ഇപ്പോൾ അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ ഇത് വർധിപ്പിക്കാനാണ് ശുപാർശ. മുഖ്യമന്ത്രിയുടെ നിർദ്ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.തീർത്ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വർധിപ്പിക്കണമെന്ന ശുപാർശ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിന ദർശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പ്രതിദിനം മൂന്നര കോടി രൂപയിലധികം വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പത്ത് ലക്ഷം രൂപയിൽ താഴെയാണ് വരുമാനം. കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ദേവസ്വം ബോർഡ്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. സന്നിധാനത്ത് ദർശനത്തിനെത്തുന്നവരിലധികവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളാണ്.