ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനുപിന്നാലെ ബിജെപി അതു പിൻവലിച്ചു.പിന്നീട് വീണ്ടും പുറത്തിറക്കി. 44 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. ഇതു പിൻവലിച്ചശേഷം 15 പേരുടെ പട്ടിക പുറത്തുവിട്ടു. ഇത് ആദ്യഘട്ട തിരഞ്ഞെടുപ്പിലേതു മാത്രമാണ്. സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ പേരുകൾ പുറത്തുവന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ സഹോദരൻ ദേവേന്ദ്ര റാണയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നു. നാഷനൽ കോൺഫറൻസിൽനിന്ന് കൂറുമാറിയെത്തിയതാണ് ഇദ്ദേഹം.രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്‌ലിം സ്ഥാനാർഥികളും ഉൾപ്പെടുന്നതായിരുന്നു ആദ്യത്തെ പട്ടിക. കോൺഗ്രസ്, നാഷനൽ കോൺഫറൻസ്, പിഡിപി, പാന്തേഴ്സ് പാർട്ടി എന്നിവിടങ്ങളിൽനിന്ന് ബിജെപിയിൽ എത്തിയ പല നേതാക്കന്മാരുടെയും പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നു. ഡൽഹിയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുൾപ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു. ഇന്നുരാവിലെയാണ് പട്ടിക പുറത്തുവിട്ടത്. മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നടക്കുക.