ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാർ പറഞ്ഞു. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻസമിതി രൂപീകരിച്ചു എന്നത് തന്നെ അഭിമാനാർഹമാണ്. സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ, സെറ്റിൽ സ്ത്രീകൾ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല എന്ന് തുടങ്ങുന്ന പ്രശ്നങ്ങൾ എല്ലാം കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. മൊഴികൾ നൽകി ഒളിച്ചിരിക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ പ്രേംകുമാർ സ്ത്രീകൾ ധൈര്യത്തോടെ പുറത്ത് വന്ന് പറയണമെന്നും അഭിപ്രായപ്പെട്ടു. പവർ ഗ്രൂപ്പ് സിനിമയിൽ ഉണ്ടോ എന്നറിയില്ല. പവർ ഗ്രൂപ്പ് സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പുതിയ സിനിമകൾ വിജയിക്കില്ലായിരുന്നു. യഥാർത്ഥ കലാകാരൻമാരെ ആർക്കും മാറ്റിനിർത്താനാവില്ല. ആരോപണങ്ങൾ ഉള്ള ആളുകളോടൊപ്പം വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ തുറന്ന് പറയണം. കോൺക്ലേവ് ബഹിഷ്കരിക്കുകയല്ല, സഹകരിക്കുകയാണ് വേണ്ടത്. കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കണോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും പ്രേംകുമാർ വിശദമാക്കി. പ്രശ്ന പരിഹാരത്തിന് ഐസിസികൾ അത്ര ഫലപ്രദമല്ല. ആക്രമണം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സർക്കാർ ഉടൻ തന്നെ ആളെ തീരുമാനിക്കും. രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് സർക്കാർ പുതിയ ആളെ തീരുമാനിക്കുക.