ലോകായുക്ത സിറ്റിംഗ് ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍.
ഒപ്പം അദാലത്ത് ആഗസ്റ്റ് മൂന്നിന് കാക്കൂരില്‍/ രേഖകള്‍ ഹാജരാക്കണം
ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ”ഒപ്പം” അദാലത്ത് ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം അദാലത്ത് നടത്തുന്നത്.
അന്നേ ദിവസം തന്നെ ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുള്ള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നല്കാനും നിരാമയ ഇന്‍ഷുറന്‍സ് ചേര്‍ക്കാനും പുതുക്കാനും അവസരം ഒരുക്കുന്നു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായവര്‍ക്കായി ചികിത്സയ്ക്കും പരിശീലനത്തിനുമായി വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം സൗജന്യമായി ലഭിക്കുന്നതിനായിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ‘നിരാമയ’.
കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രത്യേക പരിപാടിയായ ഒപ്പം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകള്‍ മുന്‍കൂട്ടി കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി വശം എല്‍പ്പിക്കണം. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോയന്റ് ബാങ്ക് പാസ് ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കോപ്പിയും രണ്ടു പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ലോകായുക്ത സിറ്റിംഗ് ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
കേരള ലോകായുക്ത ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. എട്ടിന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സിറ്റിങിനു ശേഷം ഉപലോകായുക്തയുടെ സിംഗിള്‍ ബഞ്ച് സിറ്റിങ് ആരംഭിക്കും. ഒമ്പതിന് ഡിവിഷന്‍ ബഞ്ച് സിറ്റിങായിരിക്കും ഉണ്ടാവുക. ആഗസ്റ്റ് അഞ്ചിന് കണ്ണൂര്‍ – ടൗണ്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീറിന്റെ സിംഗിള്‍ ബെഞ്ച് സിറ്റിങ് ഉണ്ടായിരിക്കും. ആറ്, ഏഴ് തീയതികളില്‍ തലശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സിറ്റിങും ഉണ്ടായിരിക്കും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സിറ്റിങില്‍ സ്വീകരിക്കും.
ഐ.ടി.ഐ അഡ്മിഷന്‍
ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷനുള്ള അപേക്ഷ സമര്‍പ്പിച്ചവര്‍ ഇന്‍ഡ്ക്‌സ് മാര്‍ക്ക് 205 ഉം അതിന് മുകളിലുള്ളവര്‍ ജൂലൈ 27 ന് ഒറിജിനല്‍ സര്‍ട്ടീഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം രാവിലെ എട്ട് മണിക്ക് ഐ.ടി.ഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജിലെ ജി.ഐ.എഫ്.ഡി സെന്ററിലെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 27 ന് കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 27 ന് രാവിലെ 11 മണിക്കകം മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്‌നിക്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2370714.
ജില്ലാ ആസൂത്രണ സമിതി യോഗം 29 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 29 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഡിപിസി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഭൂമിലേലം
കൊയിലാണ്ടി താലൂക്കില്‍ മൂടാടി വില്ലേജില്‍ വന്‍മുകം ദേശത്ത് റി.സ.52/1,2 ല്‍പ്പെട്ട 1.8 ആര്‍ ഭൂമി ആഗസ്റ്റ് 30 ന് 11 മണിക്ക് മൂടാടി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. സര്‍ക്കാര്‍ ലേലത്തിന്റെ എല്ലാ നിബന്ധനകളും ബാധകമായിരിക്കുമെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു.
ഗവ. ഐ.ടി.ഐ യില്‍ കൗണ്‍സിലിംഗ്
കോഴിക്കോട് ഗവ. ഐ.ടി.ഐ യില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച സംവരണമില്ലാത്ത, ഇന്‍ഡക്‌സ് മാര്‍ക്ക് 230 ഉം അതിനുമുകളിലുമുള്ളവര്‍ക്കും, പിന്നോക്ക വിഭാഗത്തിലും, പട്ടികജാതി വിഭാഗത്തിലും ഇന്‍ഡക്‌സ് മാര്‍ക്ക് 220 ഉം അതിനുമുകളിലും, ഉളള അപേക്ഷകര്‍ക്കും ജൂലൈ 27 ന് കൗണ്‍സിലിംഗ് നടത്തും. അപേക്ഷകര്‍ യോഗ്യതയും സംവരണാനുകൂല്യവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും ആധാര്‍ കാര്‍ഡ് കോപ്പി, രണ്ട് കോപ്പി പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ടി.സി, ഫീസ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം രാവിലെ എട്ടിന് ഐ.ടി.ഐ യില്‍ ഹാജരാകണം.
ഓണം ബോണസിനുളള ഒപ്പ് രേഖപ്പെടുത്തല്‍
കേരള സംസ്ഥാന ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡിലെ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസിനുളള ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 12നും, 19 നും വടകര ലോട്ടറി സബ് ഓഫീസിലും, ആഗസ്റ്റ് 14നും 17 നും താമരശ്ശേരി ലോട്ടറി സബ് ഓഫീസിലും ലഭ്യമായിരിക്കും. ഒപ്പ് സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ കൊണ്ടുവരണം. മേല്‍പറഞ്ഞ തിയതികളില്‍ ഒഴികെയുളള ദിവസങ്ങളില്‍ കോഴിക്കോട് ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഒപ്പ് സാക്ഷ്യപ്പെടുത്താമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.