പെരുവയൽ : ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കാൻ ഗ്രാമ പഞ്ചായത്തിനെ അനുവദിക്കണമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഡമായി സർക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. ഷറഫുദ്ദീൻ അവതരിപ്പിച്ച പ്രമേയത്തെ പ്രസീത് കുമാർ പിന്താങ്ങി.
അഞ്ഞൂറിലേറെ ഭവനരഹിതരുള്ള ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടത് 47 പേർ മാത്രമാണ്. പദ്ധതിയുടെ വിചിത്രമായ മാനദണ്ഡങ്ങൾ മൂലമാണ് മറ്റുള്ളവർ പുറത്തായത്. ലൈഫ് പദ്ധതിക്ക് മുമ്പ് ഇതേ കാലയളിൽ ഇതിന്റെ നാലിരട്ടിയിലേറെ പേർക്ക് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിച്ചിരുന്നതാണ്. പട്ടികജാതി വിഭാഗത്തിലെ ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ധനസഹായം അനുവദിക്കാൻ ഗ്രാമ പഞ്ചായത്തിന് സാമ്പത്തിക സ്രോതസ്സുണ്ട്. എന്നാൽ ലൈഫിൽ ഉൾപ്പെടാത്തവർക്ക് വീട് നൽകുന്നതിന് സർക്കാർ വിലക്കുള്ളതിനാൽ പദ്ധതി തയ്യാറാക്കാനാവുന്നില്ല. ലൈഫിന്റെ പേരിൽ പട്ടികജാതി വികസന വകുപ്പും ഭവന പദ്ധതിയിൽ നിന്നും പിന്തിരിഞ്ഞതോടെ ഈ വിഭാഗം കടുത്ത പ്രതിസന്ധിയിലാണ്.
അർഹരായവർ ആനുകൂല്യത്തിന് കാത്തിരിക്കുകയും ഫണ്ട് നൽകാൻ ഗ്രാമ പഞ്ചായത്ത് തയ്യാറാവുകയും ചെയ്തിട്ടും സർക്കാർ ഉത്തരവ് അതിന് തടസ്സമാവുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ലൈഫ് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടവർ പിന്നീട് റേഷൻ കാർഡ് ലഭ്യമാക്കിയെങ്കിലും അവരെ ഉൾപെടുത്താൻ നടപടിയുണ്ടായിട്ടില്ല. ആയതിനാൽ പുതുതായി റേഷൻ കാർഡ് ലഭിച്ചവരെയും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം ഗ്രാമ സഭ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി സ്വന്തമായി ഭവന പദ്ധതി തയ്യാറാക്കാൻ അനുവാദം നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത ഹിച്ചു.