രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവ് കെ.ആര്‍. അവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. അവിഷിത്ത് കുറച്ചായി ഓഫീസില്‍ വരാറില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ പങ്കാളിയാണെന്ന് ആക്ഷേപം ഉണ്ടായതിനേത്തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി. ആക്ഷേപം ഉണ്ടായ ശേഷമാണ് ഒഴിവാക്കിയതെന്നും നേരത്തെതന്നെ മാറ്റി നിര്‍ത്തിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ഈ അക്രമസംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. എസ്എഫ്ഐ ആക്രമണകാരികളുടെ പ്രസ്ഥാനമാണ്. ഭീകരവാദികളുടെ സംഘടനയാണ്. ഇത്തരത്തില്‍ വലിയതോതിലുള്ള പ്രചാരവേല നടക്കുകയാണ്. 36 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ന്നുപോകാത്ത പ്രസ്ഥാനമാണ് എസ്എഫ്ഐയുടേതെന്നും കോടിയേരി പറഞ്ഞു.
34 പേരാണ് നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ആളുകളെ പിടികൂടുന്നതില്‍ തെറ്റില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ കരുതല്‍ വേണം. പൊലീസ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.