കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്നുവിതരണം പുനരാരംഭിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. കുടിശ്ശിക നല്‍കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതും വേഗം മരുന്നു കമ്പനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. മരുന്നുവിതരണം മുടങ്ങുന്നത് മൂലം പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കലക്ടറുടെ ഉറപ്പിന്മേല്‍ വിതരണം പുനരാരംഭിക്കുമെന്ന് മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു.
മരുന്ന് വിതരണക്കാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തുക നല്‍കുന്ന ഒരു സ്ഥിരമ സംവിധാനം ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ആര്‍ എസ് ബി വൈ, കാരുണ്യ, ട്രൈബല്‍ മെഡിസിന്‍, കാഷ്വാലിറ്റി മെഡിസിന്‍സ് എന്നീ വിഭാഗങ്ങളിലായാണ് മെഡിക്കല്‍ കോളേജില്‍ മരുന്നു വിതരണത്തിനുള്ള തുക ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട കുടിശ്ശിക തുക വിതരണത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയിലേക്ക് മരുന്നു നല്‍കുന്ന വിതരണക്കാര്‍ക്ക് ഭാവിയില്‍ കുടിശ്ശിക വരാത്തവിധം നിശ്ചിതസമയത്തിനുള്ളില്‍ തുക വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും നടപ്പാക്കും. 75 വിവിധ വിതരണക്കാരാണ് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയിലേക്ക് നിലവില്‍ മരുന്ന് നല്‍കുന്നത്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ കെ പി സജീത്ത് , എച്ച് ഡി എസ് അംഗം അബ്ദുല്‍ ഗഫൂര്‍, മരുന്ന് , സ്റ്റെന്റ് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.