കോഴിക്കോട് : നിലവിലെ സാഹചര്യത്തിൽ മാധ്യമ മേഖലയ്ക്ക് ഏൽക്കുന്ന തിരിച്ചടികളിൽ പ്രതികരണവുമായി പൊന്നാനി എം പിയും മുസ്ലിം ലീഗ് നേതാവുമായ ഇ ടി മുഹമ്മദ് ബഷീർ. ജനാധിപത്യന്റെ തൂണായി പ്രവർത്തിക്കുന്ന ഫോർത്ത് എസ്റ്റേറ്റ് നില നിൽക്കേണ്ടത് ഈ നാടിൻറെ തന്നെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവിശ്യം ഉന്നയിച്ച് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് ചുമതലയുള്ള മന്ത്രിക്ക് കത്ത് നൽകിയെന്നും കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു.
നേരത്തെ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച കോവിഡ് കാലത്തെ മാധ്യമ പ്രവർത്തനം എന്ന പരമ്പര ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു നടപടി. കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, ഉണ്ണി ബലകൃഷ്‍ണൻ, പി രാജീവ് ,ഒ അബ്ദുറഹ്‍മാൻ,സിപി സെയ്തലവി,നവസ് പൂനൂർ , കെ എൻ ആർ നമ്പൂതിരി,ഫാദർ. ബോബി അലക്സ് മണ്ണംപ്ലാക്കൽ , എന്നീ പ്രമുഖർ പരമ്പരയുടെ ഭാഗമായി പങ്കെടുത്ത് നിലവിലെ സാഹചര്യം വിശദീകരിച്ചിരുന്നു.
ഇതേ തുടർന്ന് എം പി വിഷയത്തിൽ ഇടപെടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ നിരവധി പേർക്ക് സാമ്പത്തിക ബാധ്യത കാരണം ജോലി നഷ്ട്ടപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ട രീതിയിലുള്ള ഇളവുകൾ മാധ്യമ മേഖലകൾക്ക് നൽകണമെന്നും എം പി ഇ ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു .