ആലപ്പുഴ: പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ പിടിയിൽ. ഇൻഡോറിലും ഡൽഹിയിലുമായിട്ട് ഇവർ ഒളിവിൽ കഴിഞ്ഞത് 21 മാസം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് സെസി ഇവിടെ ഒളിവിൽ കഴിഞ്ഞത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെ സെസി സേവ്യറുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതോടെയാണ് സെസി സേവ്യർ ഒളിവിൽ പോയത്. ആലപ്പുഴ സി ജെ എം കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മടങ്ങുകയായിരുന്നു. പോലീസ് സാന്നിധ്യം മനസിലാക്കിയാണ് സെസി കോടതി പരിസരത്ത് നിന്നും മുങ്ങിയത്.
ഒളിവിൽ പോയ സെസി സേവ്യറിനായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കീഴടങ്ങാൻ നിർദേശം നൽകിയെങ്കിലും സെസി ഒളിവിൽ തുടർന്നതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയുമായിരുന്നു.
ചൊവ്വാഴ്ച കായംകുളത്തെ അഭിഭാഷകൻ മുഖേനെയാണ് സെസി ആലപ്പുഴ സി ജെ എം കോടതിയിൽ ഹാജരായി കീഴടങ്ങിയത്. ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വഞ്ചനാക്കുറ്റം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് സെസി സേവ്യർക്കെതിരെ കേസെടുത്തത്.