കുന്ദമംഗലം : മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയെ ശ്വാസ തടസം കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച സാഹചര്യത്തിൽ അദ്ദേഹം യാത്ര ചെയ്ത ലോറിയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി ഉപയോഗിച്ച ആംബുലൻസും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് അണു വിമുക്തമാക്കി. ജാഗ്രതയുടെ ഭാഗമായാണ് നടപടി .
മെഡിക്കൽ കോളേജ് എസ് ഐയുടെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും നിർദ്ദേശ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ഓഫീസർ ബാബുരാജ് വെള്ളിമാട്കുന്നിന്റെ നേതൃത്വത്തിൽ സോഡിയും ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചാണ് പ്രദേശവും വാഹനവും അണു വിമുക്തമാക്കിയത്. ഉദ്യോഗസ്ഥരായ വിനോദ് വി ടി , സജിത്ത് എസ് പി, സൈനുദ്ധീൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ലോറിയിൽ വ്യാപാര ഇടപാടുകൾ നടത്തിയ തമിഴ്നാട് സ്വദേശികളുടെ പണവും അണുവിമുക്തമാക്കി.
നേരത്തെ ശ്വാസ തടസ്സ അസുഖമുള്ള വ്യക്തിയായ ഇദ്ദേഹത്തിന്റെ സ്ഥിതി തൃപ്തികരമാണെന്നും നിലവിൽ സാധാരണ അസുഖത്തിന് അപ്പുറത്തേക്ക് മറ്റു ലക്ഷണങ്ങൾ ഒന്നുമില്ലയെന്നും സുരക്ഷയുടെ ഭാഗമായുള്ള പ്രവർത്തനമാണിതെന്നും അധികൃതർ അറിയിച്ചു. മുൻകരുതൽ എന്ന നിലക്ക് ഇദ്ദേഹത്തെ ടെസ്റ്റിന്റെ ഫലം വരുന്ന വരെ അവിടെ ലോഡ് ഇറക്കിയ പോർട്ടർമാരായ ആറു പേരെയും, ജീവനക്കാരെയും ക്വാറെൻ്റയിനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .കോവിഡ് പശ്ചാത്തലത്തിൽ തമിഴ് നാട്ടിൽ രോഗ വ്യാപനം ഉടലെടുക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ കേരളത്തിലും ശക്തമാക്കിയിരുന്നു.