
പോക്സോ കേസ് അതിജീവിതയെ സഹായിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുൺ തോനെപ്പയെയാണ് മൈകോ ലോ ഔട്ട് പോലീസ് അറസ്റ്റുചെയ്തത്.പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അയൽവാസിയായ യുവാവ് പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടിയും അമ്മയും കഴിഞ്ഞ ഡിസംബറിലാണ് ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിലെത്തിയത്. വിക്കി എന്നയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഈ കേസിൽ സഹായിക്കാനെന്ന വ്യാജേന അരുൺ തോനെപ്പ പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. ജോലി കണ്ടെത്തി നൽകാമെന്ന് വാഗ്ദാനവും നൽകി. തുടർന്ന് ഒരു ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞു.
സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വിക്കിയെയും പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്തു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.