സംഘടനാ ദൗര്‍ബല്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ബൂത്ത് തലത്തിലെ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നത് സംഘടനാ ദൗര്‍ബല്യം മാറ്റാനാണെന്നും ഹസ്സന്‍ പറഞ്ഞു. കെപിസിസി റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം എം ഹസ്സന്‍.
കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളാണ്. എന്നാല്‍ നേതാക്കള്‍ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലര്‍ത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകര്‍ന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത്തുമുന്നണിയും ബിജെപിയും വര്‍ഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചത്.
സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കേരളം രംഗത്തു വരും. സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടതിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ഉള്ള രഹസ്യ ബന്ധത്തിന്റെ അന്തര്‍ധാര വ്യക്തമാക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ പിണറായി ജയിലില്‍ പോകേണ്ടി വരും എന്നറിയുന്നത് കൊണ്ടാണ് ഈ നീക്കം.
പിടികിട്ടാ പുള്ളി ആയ പ്രതിയെ ഓഫീസില്‍ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിക്കുകയായിരുന്നു. ജനകീയ കോടതിക്ക് മുന്നിലേക്കാണ് യുഡിഎഫ് പോവുന്നത്. സോളാര്‍ കേസില്‍ നിയമനടപടിക്ക് പാര്‍ട്ടിയില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തും. പിണറായിയുടെ തുടര്‍ഭരണം എന്ന സ്വപ്നം മലര്‍ പൊടിക്കാരന്റെ ദിവാസ്വപ്നമായി അവശേഷിക്കും.

