രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധനവ് പരിഗണിച്ച് ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്ത് ജില്ലാ ഭരണകൂടം. കലക്ടറേറ്റിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു ഇതു സംബന്ധിച്ച് വിശദീകരിച്ചു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ആഗസ്ത് മാസം അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ കേസുകള്‍ ഉണ്ടാവാനുളള സാധ്യത മുന്നിൽ കാണുന്നുണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം ഇത്രയും കൂടുന്ന നിലയിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രതയും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും നടന്നു വരുന്നു.
ആരോഗ്യ വകുപ്പിന്റെ അനുമാനമന പ്രകാരം 2000 ആക്ടീവ് കേസുകളാണ് പ്രതീക്ഷിക്കുന്നത്.
ആവശ്യമായ വെന്റിലേറ്ററുകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. 23 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിന് എംഎല്‍എമാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം ഇതിനകം ലഭ്യമായി. നിലവില്‍ 750 ഓക്‌സിജന്‍ സിലിണ്ടറുകളും 370 വെന്റിലേറ്ററുകളും ലഭ്യമാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തും. 12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൽട്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയും സംരക്ഷിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഓരോ പഞ്ചായത്തിലും കോവിഡ് കെയര്‍സെന്ററുകള്‍ ആരംഭിക്കും. ചികിത്സ യോടൊപ്പം പാലിയേറ്റീവ് വോളണ്ടിയർമാരുടെ പരിചരണവും ഇവിടെ ലഭ്യമാവും. പൊതുജനങ്ങള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തും. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ മുഖേന ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.
ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനത്തിന് പുറമേ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 118 സ്‌ക്വാഡുകളും പൊലീസിന്റെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സിബിള്‍ ടീമും രംഗത്തിറങ്ങും. സിറ്റി പരിധിയില്‍ ബൈക്ക് സ്‌ക്വാഡ് ഉള്‍പ്പെടെ 130 ടീമും റൂറല്‍ പരിധിയില്‍ 63 ടീമുകളുമാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദ ചെയിന്‍ സംവിധാനം കൃത്യമായി പാലിക്കണം. അല്ലാത്ത പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും തിരിച്ചറിയൽ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹാര്‍ബറുകളില്‍
ചില്ലറവില്‍പന അനുവദിക്കില്ല.
ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. തൂണേരി ലാര്‍ജ് ക്ലസ്റ്ററായി തുടരുന്നു. നേരത്തെയുണ്ടായിരുന്ന കൊളത്തറ, വെള്ളയില്‍ ക്ലസ്റ്ററുകൾ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒഴിവായി. പുതുതായി മൂന്നു ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചെക്യാട്, ഒളവണ്ണ, പുതുപ്പാടി എന്നിവയാണ് ഇവ. തൂണേരി, വാണിമേൽ, വടകര, വില്യാപ്പള്ളി, മീഞ്ചന്ത, ഏറാമല, നാദാപുരം, കല്ലായി എന്നിവയാണ് മറ്റു ക്ലസ്റ്ററുകൾ.
ബീച്ച് ആശുപത്രി കോവിഡ് സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍ ആയി മാറ്റാനുളള പ്രവര്‍ത്തനം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പുവരുത്താനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മറ്റു ഗുരുതരരോഗങ്ങളുടെ ചികിത്സയോടൊപ്പം കോവിഡ് കേസുകള്‍ക്ക് മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രയോജനപ്പെടുത്തും.
യോഗത്തില്‍ സബ് കലക്ടര്‍ ജി പ്രിയങ്ക,ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുജിത് ദാസ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡീഷണല്‍ ഡിഎംഒ ആശാദേവി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു