കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻ കരുതലുകളെ പറ്റിയും നിലവിലെ പഞ്ചായത്തിലെ സ്ഥിഗതികൾ നേരിട്ട് ബോധ്യപെടുത്തുന്നതിനും ഗ്രാമ പഞ്ചായത്ത് അധികാരികൾ, ജില്ലയിൽ കോവിഡ് ചുമതലയുള്ള ഗതാഗത മന്ത്രി എ ശശീന്ദ്രനെയും, കളക്ടർ സാംബശിവറാവു, ഡെപ്യൂട്ടി കളക്റ്റർ ഷാമിൻ സെബാസ്റ്റ്യൻ എന്നിവരുമായി ചർച്ച നടത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. പ്രസിഡന്റ് ലീന വാസുദേവൻ, അസ്ബിജ സക്കീർ ഹുസൈൻ, എം ബാബുമോൻ, എംവി ബൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കുന്ദമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 5 പേർക്കും, പതിനൊന്ന്, പതിമൂന്ന് വാർഡുകളിൽ ഓരോരുത്തർക്കു വീതവും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം പ്രാഥമിക ആശുപത്രിയിലും ഒരു സ്വകാര്യ ക്ലിനിക്കിലും അസുഖ കാരണത്താൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തെയും മന്ത്രിയെയും നേരിട്ട് കാണാനും ചർച്ചയ്ക്കുമായി കോഴിക്കോട്ടെത്തിയത്