
ജി.ബി.എസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാൽ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം.ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന അപൂർവ രോഗമാണിത്. കൃത്യസമയത്തെ രോഗനിർണയവും വിദഗ്ദ്ധ ചികിത്സയും ഫിസിയോതെറാപ്പിയും കൊണ്ട് രോഗശമനം ഉണ്ടാകും.