
തിരുവനന്തപുരം വെഞ്ഞാറമൂടിലെ കൊലപാതക പരമ്പരയുടെ കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിൽ നൽകിയ ആദ്യ മൊഴി. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണം നടക്കുക്കയാണ്. സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകർന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴിയിലുള്ളതെന്നാണ് വിവരം. വിദേശത്ത് ബിസിനസ് നടത്തിയത് നഷ്ടത്തിലായി. നാട്ടുകാരിൽനിന്ന് കുറേ പണം വാങ്ങിയത് വീട്ടാനുണ്ട്.ഇങ്ങനെ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ വീട്ടിൽ കൂട്ട ആത്മഹത്യക്കു പദ്ധതിയിട്ടിരുന്നതായി യുവാവ് പോലീസിനോടു പറഞ്ഞെന്നാണ് വിവരം. മാതാവിനെ ആദ്യം കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന്, എല്ലാവരുംകൂടി വിഷം കഴിച്ചു മരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. മരിക്കാതെ ആരെങ്കിലും രക്ഷപ്പെട്ടാലോയെന്നു കരുതി വേണ്ടെന്നുവെച്ചു. തുടർന്ന്, വെഞ്ഞാറമൂട്ടിൽ പോയി ചുറ്റിക വാങ്ങി. വീട്ടിലെത്തി മാതാവിന്റെ തലയ്ക്കടിച്ചു.പിന്നീടാണ്, മുത്തശ്ശിയെയും അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. വീട്ടിൽ തിരിച്ചെത്തിയ അഫാൻ അവിടെയുണ്ടായിരുന്ന സഹോദരനെ കൊലപ്പെടുത്തി. തങ്ങളെല്ലാം മരിച്ചാൽ അനാഥയാകുമെന്നു കരുതി പെൺസുഹൃത്തിനെ വീട്ടിലേക്കു വിളിച്ചു കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴിനൽകിയെന്നാണ് വിവരം. സ്വയം വിഷം കഴിച്ച ശേഷം ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.