പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. 105 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനും ആറ് നാട്ടുകാരുമാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷയത്തില്‍ അടിയന്തരമായി പൊലീസിനോട് ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണ്. രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേര്‍ത്ത് സമാധാനയോഗങ്ങള്‍ വിളിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
12 മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലും മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷമുണ്ടായ പ്രദേശത്തെ എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പേരു ചോദിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.