ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ലീഡറെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് സിപിഎം ആരോപിച്ചു.പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് പോയപ്പോൾ കരുണാകരൻ്റെ കുടുംബത്തിന് നേരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. രാഹുൽ പാലക്കാട്ടെ സ്ഥാനാർത്ഥിയായതോടെ പദ്മജ വീണ്ടും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചയാളാണ് സ്ഥാനാർത്ഥിയെന്നായിരുന്നു വിമർശനം. ഈ വാദം ഉപയോഗപ്പെടുത്തുകയാണ് സിപിഎം. പ്രത്രിക സമർപ്പണ ദിവസം കരുണാകന്‍റെ സ്മതി മണ്ഡപത്തിലെത്തി പുഷ്പാർച്ഛന നടത്തി രാഹുലിനെതിരെ പ്രവർത്തകരുടെ വികാരം തിരിച്ചുവിടാനാണ് ഇടത് സ്ഥാനാർത്ഥി ശ്രമിച്ചത്. കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് സിപിഎം നേതാവ് എകെ ബാലന്‍ ആരോപിച്ചു. എന്നാൽ ലീഡറെ അപമാനിച്ചത് മകൾ പദ്മജയാണെന്നും കെ കരുണാകരൻ എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും ലീഡറാണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.