സാങ്കേതികത്വം തടസമാകാതെ മനുഷ്യത്വപരമായ സമീപനം ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാദ്യാസ വ്യാപാര ഭവന വായ്പകളിൽ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളെ സഹായിക്കാൻ ഓരോ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലുള്ള മുഴുവൻ പഞ്ചായത്തുകളെയും ഉമുൾപ്പെടുത്തി കൃഷിഭവൻ കേന്ദ്രീകരിച്ച് കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കും. ജില്ലയിലുള്ള മുഴുവൻ പഞ്ചായത്തുകളെയും പദ്ധതിയുടെ ഭാഗമാക്കും. ബാങ്കിംഗ് സേവനങ്ങൾ സുതാര്യമാക്കുന്നതിനായി ബ്ലോക്ക് തലത്തിൽ വായ്പ മേള നടത്തുമെന്ന് യോഗം അറിയിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തിനെ ബാങ്കിംഗ് സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ 10 വയസിനു മുകളിലുള്ള എല്ലാവർക്കും ബാങ്ക് അക്കൗണ്ടും ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കും. ജില്ലയിലെ പ്രളയബാധിതർക്ക് ബാങ്കുകൾ നൽകുന്ന വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും എല്ലാവരിലേക്കും എത്തിക്കുന്നതിന് ബാങ്കുകൾ കൃഷിഭവനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ സമിതി തീരുമാനിച്ചു.
2019 – 20 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ വർഷത്തിൽ ജില്ലയിലെ നിക്ഷേപം 41931 കോടിയും വായ്പ 35336 കോടിയുമാണ്. വായ്പ നിക്ഷേപ അനുപാതം 84 ശതമാനമാണ്. 4500.13 കോടി രൂപ ഒന്നാം പാദത്തിൽ വിവിധ ബാങ്കുകൾ വായ്പയായി അനുവദിച്ചു.
എഡിഎം റോഷ്നി നാരായണൻ അധ്യക്ഷത വഹിച്ചു. മലബാർ പാലസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഹിമ, ആർ ബി ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ സെലിനമ്മ ജോസഫ്, നബാർഡ് ഡെപ്യൂട്ടി ഡവലപ്മെൻറ് മാനേജർ ജെയിംസ് പി ജോർജ്ജ്,കാനറ ബാങ്ക് ജില്ലാ ലീഡ് മാനേജർ കെ എം ശിവദാസൻ, കാനറ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മോഹനൻ കോറോത്ത്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിൽ ചേളന്നൂർ ബ്ലോക്ക് പി ജയലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ സ്കീമുകൾ, ലോണുകൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് നടത്തിയ റിവ്യു സെഷനുകളിൽ വകുപ്പ് തല ഉദ്യോഗസ്ഥർ സംസാരിച്ചു.

