ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-ഉള്ളടക്ക പോര്‍ട്ടല്‍ തയ്യാറാകുന്നു

0
235

ജില്ലാ വിദ്യാഭ്യാസ മിഷന്റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-കണ്ടന്റ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നു. പൂര്‍ണ്ണമായും അതത് ക്ലാസ്സുകളിലെ ബന്ധപ്പെട്ട വിഷയ അധ്യാപകര്‍ വികസിപ്പിച്ച ഉള്ളടക്കങ്ങളാണ് എഡ്യൂ മിഷന്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുക. ആഗസ്റ്റ് ആദ്യവാരത്തോടെ ഒന്നാം ടേമിലെ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കങ്ങൾ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കും.

ഡയറ്റ്, ജില്ലാ പഞ്ചായത്ത് എഡ്യൂ കെയര്‍ വെബ് സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും സാമൂഹ്യ മാധ്യമ ലിങ്കുകള്‍ വഴിയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്ളടക്കങ്ങള്‍ പ്രയോജനപ്പെടുത്താം. വിക്ടേഴ്‌സ് ചാനല്‍ വഴി നടന്നുവരുന്ന ക്ലാസ്സുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാകുന്ന രീതിയിൽ കൂടിയാണ് ഉള്ളടക്കങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കായി ഡിജിറ്റല്‍ ഉള്ളക്കം തയ്യാറാക്കുന്നതിനായി 500 അധ്യാപകര്‍ ഉള്‍പ്പെടുന്ന 16 കോര്‍ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), സമഗ്രശിക്ഷാ കോഴിക്കോട് എന്നിവ സംയുക്തമായാണ് അക്കാദമിക പിന്തുണ നല്‍കുന്നത്. ഉള്ളടക്ക നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കായി പ്രത്യക ഡിജിറ്റല്‍ ശാക്തീകരണ കോഴ്‌സുകളും തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 6 കോഴ്‌സുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

എഡ്യൂ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എ.പ്രദീപ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായുള്ള ജില്ലാതല ഓണ്‍ലൈൻ പരിശീലകരുമായി വിനിമയം നടത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ഉദ്ഘാടനവും സിഗ്നേച്ചര്‍ വീഡിയോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു.

അസി. കലക്ടര്‍ ശ്രീധന്യാ സുരേഷ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി. മിനി, ഇഡാപ്പ് ക്ലാസ്സ് റൂം സി.ഇ. ഒ. ഉമര്‍ അബ്ദുസലാം, ഡയറ്റ് സീനിയര്‍ ലക്ചറര്‍ യു കെ അബ്ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here