കോഴിക്കോട് : കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ സ്വദേശി കൃഷാലിന്റെ മടങ്ങി വരവിൽ ഏറെ സന്തോഷിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ആകെ കയ്യിലുണ്ടായിരുന്ന പണവും പാസ്സ്പോർട്ടും നഷ്ടപെട്ട് ഷാർജ തെരുവിലൂടെ മനോനില തെറ്റി അലഞ്ഞു തിരിഞ്ഞു നടന്ന കൃഷാലിന്റെ വാർത്ത ആഴ്ചകൾക്ക് മുൻപാണ് മീഡിയ വൺ പുറത്ത് കൊണ്ട് വരുന്നത്. വാർത്തയറിഞ്ഞ ഷാർജ ഇൻകാസിന്റെ സന്നദ്ധ പ്രവർത്തകൾ കൃഷാലിനെ ഏറ്റെടുക്കുകയായിരുന്നു.
നിലവിൽ പൂർണ്ണ ആരോഗ്യവാനായി യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. മറ്റു തടസങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ നാളെ തന്നെ നാട്ടിലേക്ക് തിരിച്ചു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. മകന്റെ മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം അവൻ ഫോണിലൂടെ ഒരുപാട് സംസാരിച്ചെന്നും ‘അമ്മ ശൈലജ പറയുന്നു. മകന്റെ അവസ്ഥ അറിഞ്ഞ അന്ന് മുതൽ ഉരുകി ജീവിക്കുകയാണ് ഈ കുടുംബം. അഞ്ചു മക്കളിൽ ഇളയവനായ കൃഷാൽ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുന്ന ദൃശ്യം നേരിട്ട് കണ്ടപ്പോൾ സന്തോഷത്തോടെ കരഞ്ഞു പോയെന്നു തേങ്ങി കരഞ്ഞു കൊണ്ട് ഈ ‘അമ്മ പറയുന്നു. അച്ഛൻ കൃഷ്‌ണൻ നേരത്തെ മരണപെട്ടു പോയതാണ്
അതേ സമയം ഭർത്താവ് തിരിച്ചെത്തുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ഭാര്യ ധന്യയും പറഞ്ഞു. ഭർത്താവിന്റെ ദുരിതം ടി വി യിലൂടെ നേരിട്ടറിഞ്ഞ ധന്യ രണ്ടു മക്കളെയുംചേർത്ത് ഉള്ളുരുകി പ്രാർത്ഥിച്ചും കണ്ണീരൊഴുക്കിയുമാണ് ഇത്രയും ദിവസം ഈ വീട്ടിൽ കഴിഞ്ഞത്. ഇപ്പോൾ ഈ കുടുംബത്തിന് ഏറെ ആശ്വാസമാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തങ്ങളെ സഹായിച്ച മുഴുവൻ മനുഷ്യ സ്നേഹികളോടും ഈ കുടുംബം നന്ദി പറയുകയാണ്.
നേരത്തെ ബസ്സ് ഡ്രൈവറായി ഉപജീവനം കണ്ടെത്തിയിരുന്ന കൃഷാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോവുകയായിരുന്നു. എന്നാൽ അധിക സമയം നീണ്ടു നിൽക്കുമ്പോയേക്കും കോവിഡ് രാജ്യങ്ങളെ ബാധിച്ചിരുന്നു.നാട്ടിൽ ഏറെ വിഷമത്തിലും ബുദ്ധിമുട്ടിലും കഴിഞ്ഞിരുന്ന കുടുംബം വീണ്ടും പ്രയാസത്തിൽ ആവുകയായിരുന്നു. എന്നാൽ നിലവിൽ കൃഷാലിന്റെ മടങ്ങി വരവ് കുടുംബത്തിന് ഏറെ ആശ്വാസമാണ്.