Local News

മുഹമ്മദ്ക്ക ഓർമ്മകൾ പങ്കുവെക്കുന്നു എൺപതിന്റെ നിറവിലും

കുന്ദമംഗലം : മേപൊറ്റമ്മൽ മുഹമ്മദ് ഹാജി കുന്ദമംഗലത്തെ വ്യാപാരികൾക്കിടയിലും നാട്ടുകാരിലും സുപരിചിതൻ.പുതു തലമുറക്കും പഴയ തലമുറക്കും പാഠമാക്കാൻ പലതുണ്ട് മുഹമ്മദ്ക്കയിൽ. വർഷങ്ങൾക്ക് മുൻപ് ആനപ്പാറയിൽ ഒരു അനാദിക്കട ആരംഭിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അക്ഷീണം പരിശ്രമിച്ച സാധാരണക്കാരിൽ സാധാരണക്കാരനായൊരു കച്ചവടക്കാരനാണ് മേലെ പൊറ്റമ്മൽ മുഹമ്മദ്ക്ക. എൻപത് പിന്നിട്ടെങ്കിലും അത്തരം ക്ഷീണമൊന്നും കാണാൻ സാധിക്കില്ല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ.

ചില വിശേഷങ്ങൾ ചോദിച്ചറിയാനും പഴയകാലത്തെ ഓർമ്മകൾ പങ്കുവെക്കുവാനുമായി ഞങ്ങൾ കുന്ദമംഗലം നൂസ് ഡോട്ട് കോം മുഹമ്മദ്ക്കയുടെ അടുത്തെത്തി. തന്റെ കച്ചവട ജീവിതത്തെ കുറിച്ച് അറിയാൻ എത്തിയാവാരാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷമായി. കണ്ടപ്പോൾ ഓർമ്മകൾ ഓരോന്നായി കെട്ടയിച്ചു തുടങ്ങി. ഞങ്ങൾ പ്രതീക്ഷിച്ചതിനുമപ്പുറം. പുറത്ത് അപ്പോൾ ചിറാപുഞ്ചിയെ വെല്ലുന്ന തോരാത്ത മഴ. അകത്തപ്പോൾ തീരാത്ത ഓർമ്മകൾ. ഒപ്പം കൂട്ടിന് ചൂടോടെ ഓരോ കട്ടനും.

1961ലാണ് കുന്ദമംഗലത്തെ കുഞ്ഞോതിക്കാന്റെ മകൻ മേപൊറ്റമ്മൽ തടായി മുഹമ്മദ് തന്റെ ആദ്യ സംരംഭം ആരംഭിക്കുന്നത്. അന്നദ്ദേഹത്തിന് പ്രായം ഇരുപത്തിയൊന്ന്. കച്ചോടത്തിന് കൂട്ടായി സഹോദരൻ ബിച്ചാവൂട്ടിയും കൂടെയുണ്ടായിരുന്നു. ചെറിയ സംരംഭമാണെങ്കിലും നല്ല രീതിയിൽ അവർക്കത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. അന്നത്തെ കച്ചോടത്തെ കുറിച്ചു ചോദിച്ചപ്പോൾ അന്നുണ്ടായിരുന്ന പ്രധാന വ്യാപാരികളായ ചെറിയേക്കൻ മുതലാളി,ചാത്തൂട്ടി,ഭൂപതി മൊയ്തീൻഹാജി, പി കെ കുഞ്ഞയമ്മദ്‌ ഹാജി ,കലകച്ചോടം ചെയ്യുന്ന ചേക്കുട്ടിക്ക, മരിച്ചു പോയ പെരച്ചൻ മൂപ്പര് എന്നിവരെ കുറിച്ച് ഒരുപാട് പറഞ്ഞു . ശേഷം പല ചരക്കു സാധനങ്ങളുടെ അക്കാലത്തെ വില വിവരപ്പട്ടിക പറഞ്ഞു തുടങ്ങി. ഒരു കിലോ അരിയ്ക്ക് 50 പൈസ അല്ലെങ്കിൽ അറുപത് പൈസ. ഒരു റാത്ത്ൽ(അന്നത്തെ അളവു പാത്രം) പഞ്ചസാരയ്ക്ക് അന്ന് ഒരു അണ, അങ്ങനെ… അങ്ങനെ നിർത്താതെ കുറേ സമയം. ഒടുവിൽ ഒരു ചിരിയും പാസാക്കി അടുത്ത് ഡയലോഗ്. “വെല കുറവാണേലും ഇന്നത്തെ പോലെ മായം ചേർക്കൂലാട്ടോ”
വീണ്ടും കഥ തുടർന്നു…

അന്ന് കടയിലേക്ക് സാധനങ്ങൾ എത്തിചിരുന്നത് തണ്ടാൻ വീട്ടിൽ ബിച്ചാവൂട്ടിക്കാന്റെ കാളവണ്ടിയിലാണെന്ന കാര്യം ഓർത്ത് പറഞ്ഞു. ആ വരവൊരു ഒന്നൊന്നര ചേലാണത്രേ. കാളയുടെ കുളമ്പടിയും ചക്രത്തിന്റെ താളവുമൊത്ത് ഒരു കാലഘട്ടത്തിന്റെ യാത്ര. അന്ന് കോഴിക്കോട് പോകുന്നവരും തിരിച്ചു വരുന്നവരുമായ കാളവണ്ടിക്കാരുടെ താവളം മൂഴിക്കലായിരുന്നുവെന്ന കാര്യം പറയാനും അദ്ദേഹം മറന്നില്ല.

അടുത്ത ചോദ്യം വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു ഏഴാതരം വരെ പോയെന്ന് ഇക്കയുടെ മറുപടി. അന്ന് കുന്ദമംഗത്ത് ഉണ്ടായിരുന്ന മാപ്പിള സ്കൂളിലായിരുന്നു പഠനം. “ഇന്നെ പഠിപ്പിച്ച കുട്ട്യേമി മുസ്ലിയാരേയും അപ്പു മാഷേയും , വേലായുധൻ മാഷേയും , ഗോപാലൻ മാഷേയൊക്കെ ഇപ്പളും ഞാൻ ഓർക്കല്ണ്ട് ഇക്ക പറഞ്ഞു. പിന്നെയുള്ള മനസ്സിന്റെ യാത്ര സ്കൂൾ വാരാന്തകളിലൂടെയായിരുന്നു. പുസ്തകങ്ങളും അക്ഷരങ്ങളും നിറഞ്ഞ ലോകത്തിലൂടെ.

1951ൽ കാവാട്ടു ഗോപാലൻ നായർ, ഭൂപതി മൊയ്തീൻ ഹാജി, കെ പി ചോയി, തുടങ്ങിയ ഒരു പറ്റം ആളുകളുടെ ശ്രമഫലമായാണ് ഇന്നഞ്ഞെ കുന്ദമംഗലം ഹൈസ്കൂൾ പിറവിയെടുത്തത്. ഇവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് പുതിയൊരു സ്കൂൾ കെട്ടിടം (ഇന്നത്തെ ഹൈസ്കൂൾ) പടുത്തുയർത്തിയത് ഇന്നും അദ്ദേഹം ഓർക്കുന്നു.

ഇത്രയും കഥകൾ പറഞ്ഞ് തീർന്നപ്പോഴേക്കും കൈയിലുള്ള കട്ടനങ്ങു തീർന്നു. പക്ഷേ മുഹമ്മദ് ഇക്ക തുടർന്നു കൊണ്ടേയിരുന്നു. മുപ്പത്തിയഞ്ച് സീറ്റുള്ള ആദ്യ കാല ബസ് (പ്രീമിയർ ബസ്സ്, ദേവാല ബസ്സ്) , സീറ്റിൽ ഇരിക്കുന്നവർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന കാലം. മുയിപ്പിലാൽ അഹമ്മദിക്കാനെ സീറ്റ് ഫുള്ളായിട്ട് കയറ്റാതെ പോയ സംഭവം പോലും ഓർമ്മയിൽ ചികഞ്ഞെടുത്തു . ബസ്സിലുള്ള യാത്രയ്‌ക്കൊന്നും അന്ന് ഇക്ക മുതിർന്നിരുന്നില്ല പകരം തന്റെ സൈക്കിളിൽ കയറിയാണ് സഞ്ചാരപദമത്രയും. ആ ഇരുചക്രവും ചവിട്ടി വയനാട് പോയി തിരിച്ചു വന്ന കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ലോകം കീഴടക്കിയവനേ പോലെ ആനന്ദം കൊള്ളുന്നുണ്ടായിരുന്നു. അറുപത് വർഷത്തോളം ജീവിതത്തിൽ ഒരു കുടുംബാംഗത്തെ പോലെ ആ സൈക്കിൾ കൂടെയുണ്ടായിരുന്നെന്ന് ഞങ്ങളെ അദ്ദേഹം ഓർമ്മപെടുത്തി. പിന്നെ ബസുകൾ അഞ്ചാറെണ്ണമായി.ശേഷം ബസിന്റെ വരവ് കാതോർത്ത് കൃത്യമായി സമയം പറയുന്ന അന്ധനായ ലക്ഷമണനെ ഓർത്തെടുത്തു അവന്റെ പാട്ടും. ഒടുവിൽ പി കെ കുഞ്ഞമ്മദ് ഇക്കയുടെ കടയിൽ നിന്നെടുത്ത കുപ്പായ തുണി വരെ ബാക്കി വെക്കാതെ പറഞ്ഞു മൂപ്പര് .

എല്ലാം നേടിയൊരു വ്യാപാരിയല്ല മെംപൊറ്റമ്മൽ മുഹമ്മദ്. പക്ഷെ ഒരു കാലഘട്ടം മുഴുവൻ സഞ്ചരിച്ചെത്തിയ വ്യക്തിയാണ്. മാവുകൾ തിങ്ങി നിറഞ്ഞു നിന്ന് പേര് കേട്ട മാക്കൂട്ടത്തെ ശേഷം കുന്ദമംഗലമായി വികസിച്ച് ഇന്നത്തെ നഗരമായി മാറിയതു വരെയുള്ള കഥ പറയാൻ ഇദ്ദേഹത്തിനുണ്ട്. പണ്ട് മുഹമ്മദ് ഇക്ക തന്റെ പലചരക്കു കടയിൽ നിന്ന് മറ്റുള്ളവർക്ക് നൽകിയ കലർപ്പില്ലാത്ത നാടൻ മസാലകൾ പോലെ കലർപ്പില്ലാത്ത ഒരു നാടിൻറെ ഓർമ്മകൾ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!