കുന്ദമംഗലം: സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും മുന്നോട്ടു വെക്കുന്ന ഗ്രീൻ പ്രോട്ടോകോൾ എന്ന ആശയത്തിലൂന്നിയ ഹരിത സാന്ത്വനം പദ്ധതിക്ക് കുന്ദമംഗലം എ.യു.പി. സ്‌കൂളിൽ തുടക്കം കുറിച്ചു. സ്കൂളിലെ ശുചിത്വ സേനയുടെയും ഹരിത കേരളം ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹരിത കേരളം സംസ്ഥാന മിഷൻ വേയ്‌സ്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ശ്രീ. എൻ. ജഗജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എ.യു.പി. സ്കൂളിന്റെ പ്രവർത്തനം മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകപരമാണെന്നും കൂടുതൽ സ്കൂളുകൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് എം ഷിനിൽ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് ശുചിത്വ സേന അംഗങ്ങളായ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.സ്കൂളിന്റെ തുടർന്നുള്ള പ്രവർത്തങ്ങളിൽ ഹരിത കേരളം മിഷന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. മാലിന്യ സംസ്കാരണത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തെ ചുരുക്കം ചില സ്‌കൂളുകളിൽ ഒന്നായ കുന്ദമംഗലം എ.യു.പി. സ്‌കൂൾ,മാലിന്യ നിർമാർജ്ജനത്തിനോടൊപ്പം കുട്ടികളിൽ സ്നേഹവും പരസ്പര സഹകരണവും വളർത്തിയെടുക്കുക, സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കി പകരം വിത്ത് പേനകൾ ഉപയോഗിക്കുക എന്നിവയാണ് ഹരിത സാന്ത്വനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാർ ഉണ്ടാക്കുന്ന പേനകളാണ് പദ്ധതിയിൽ വിതരണം ചെയ്യുന്നത്. അവർക്കിത് ജീവിത മാർഗമാവുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് പേനകൾ ഉപയോഗ ശേഷം വലിച്ചെറിയുമ്പോൾ അവ മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യത്തിൽ വിത്ത് പേനകൾ ഉപയോഗിക്കുമ്പോൾ ഈ സാഹചര്യം ഇല്ലാതാവുകയും പകരം വിത്തു പേനകൾ വലിച്ചെറിയുമ്പോൾ അവയിലെ വിത്തുകൾ മണ്ണിൽ ലയിച്ചു മുളക്കുകയും അത് പച്ചപ്പ് നിലനിർത്താൻ സഹായകമാവുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളുടെ ആവശ്യാനുസരണം പേനകൾ വിതരണം ചെയ്യുന്നതാണ്.2017 മുതൽ നടത്തി വരുന്ന പത്ത് പ്ലാസ്റ്റിക് പേനകൾക്ക് പകരമായി ഒരു സൗജന്യ പേന നൽകുന്ന “കൂടു തരൂ, പേന തരാം” എന്ന പദ്ധതി ഈ അധ്യായന വർഷവും തുടരും.
ചടങ്ങിൽ ശ്രീ .യു .പി ഏകനാഥൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എം.പി.ടി.എ. പ്രസിഡന്റ് ലിനി, എൻ.സന്തോഷ് കുമാർ, എം.പി.മുഹമ്മദ് ഇസ്ഹാക്ക്, അബി.എസ്, തേജസ് എസ്.ആർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം.പി.ഉഷാകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.കെ ബിജിന നന്ദിയും പറഞ്ഞു.