തെല്‍ അവീവ്: തെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി തെല്‍ അവീവില്‍ ഇന്ന് രാവിലെ രൂക്ഷ ആക്രമണം നടത്തി ഇറാന്‍. നാലു പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി സൈറണുകള്‍ മുഴങ്ങിയ തെല്‍ അവീവില്‍ സ്‌ഫോടനം ഉണ്ടായി. ഒരു മിസൈല്‍ ബീര്‍ഷെബയിലെ അപാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ പതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളില്‍ തന്നെ തുടരണമെന്നാണ് ഇസ്രായേല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഇറാനും ഇസ്രായേലും വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. വെടിനിര്‍ത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്നും ഇസ്രായേല്‍ നിയമവിരുദ്ധമായ ആക്രമണം നിര്‍ത്തിയാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്നും ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.