നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തോല്‍വിയെ ന്യായീകരിക്കുന്ന സിപിഐഎം നേതാക്കളെ പരിഹസിച്ച് നജീബ് കാന്തപുരം എംഎല്‍എ. തോറ്റാല്‍ തോറ്റെന്ന് സമ്മതിക്കണമെന്നും അല്ലാതെ യുഡിഎഫിന് വോട്ടുചെയ്ത നാട്ടുകാര്‍ മൊത്തം വര്‍ഗീയവാദികളാണെന്ന് പറയരുതെന്നും നജീബ് കാന്തപുരം പറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പ്പിച്ചത് എന്തിനാണെന്ന് വോട്ടുചെയ്ത നാട്ടുകാര്‍ക്ക് അറിയാമെന്നും കാരണവരുടെ ഭരണ ധാര്‍ഷ്ട്യത്തിനുളള മറുപടിയാണ് ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘11077 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ച ആര്യാടൻ ഷൗക്കത്ത് ജയിച്ചത് മതവർഗ്ഗീയ വാദികളുടെ വോട്ട് വാങ്ങിയാണെന്ന് മന്ത്രി റിയാസ്. വർഗ്ഗീയതയുടെ സമ്മേളനമെന്ന് ഗോവിന്ദൻ മാസ്റ്റർ. ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയത സമാസമം കൂട്ടുപിടിച്ചാണ് യുഡിഎഫ് ജയിച്ചതെന്ന് എ.വിജയരാഘവൻ. തുലോം വിരളം വോട്ടുള്ളവരാണത്രെ യുഡിഎഫിനെ ജയിപ്പിച്ചത്. ലീഗിനും കോൺഗ്രസിനും യുഡിഎഫ് മുന്നണിക്കുമൊന്നും റോളില്ല. പരിപ്പുവടയിൽ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാൽ സിപിഎമ്മുകാർ സമ്മതിക്കുമോ, അതിൽ മാവിനും പരിപ്പിനും റോളില്ലേ’- നജീബ് കാന്തപുരം ചോദിക്കുന്നു.
നജീബ് കാന്തപുരത്തിന്റെ കുറിപ്പിന്റെ പൂർണരൂപം
ഇനിയല്പം കാര്യം പറയട്ടെ,
ഒരാള് മരിച്ചു. കാണാൻ വന്നവർ ബന്ധുക്കളോട് മരണകാരണം അന്വേഷിച്ചു. മകൻ പറഞ്ഞത് ഹൃദയാഘാതം. മകൾ പറഞ്ഞത് വിഷബാധ. അച്ഛൻ പറഞ്ഞത് സ്വാഭാവിക മരണം. സത്യത്തിൽ അങ്ങേരുടെ കയ്യിലിരിപ്പ് കാരണം നാട്ടുകാർ കൈവെച്ചതിൻ്റെ ഫലമായി പിന്നീട് ശ്വാസം നിലച്ചതാണ്. പക്ഷേ, അത് നാട്ടുകാരുടെ മുന്നിൽ സമ്മതിക്കാൻ വീട്ടുകാർക്ക് മടി, ലജ്ജ, നാണം, വല്ലായ്മ, പോരായ്മ, പേടി.
നിലമ്പൂരിൽ സ്വരാജിൻ്റെ തോൽവിയോടുള്ള സിപിഎമ്മിൻ്റെ പ്രതികരണത്തിനും നടേപറഞ്ഞ ബന്ധുക്കളുടെ പ്രതികരണത്തിനും ഒരേ സ്വരമാണെന്ന് ശരിക്കും കേട്ടാൽ മനസ്സിലാവും. 11077 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ച ആര്യാടൻ ഷൗക്കത്ത് ജയിച്ചത്, മതവർഗ്ഗീയ വാദികളുടെ വോട്ട് വാങ്ങിയാണെന്ന് മന്ത്രി റിയാസ്, വർഗ്ഗീയതയുടെ സമ്മേളനമെന്ന് ഗോവിന്ദൻ മാസ്റ്റർ, ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയത സമാസമം കൂട്ടുപിടിച്ചാണ് യുഡിഎഫ് ജയിച്ചതെന്ന് എ.വിജയരാഘവൻ. തുലോം വിരളം വോട്ടുള്ളവരാണത്രെ യു.ഡി.എഫിനെ ജയിപ്പിച്ചത്. ലീഗിനും കോൺഗ്രസിനും യുഡിഎഫ് മുന്നണിക്കുമൊന്നും റോളില്ല. പരിപ്പുവടയിൽ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാൽ സിപിഎമ്മുകാർ സമ്മതിക്കുമോ, അതിൽ മാവിനും പരിപ്പിനും റോളില്ലേ.?!
സത്യത്തിൽ ഇവരെ തോൽപ്പിച്ചത് എന്തിനാണെന്ന് വോട്ടുചെയ്ത നാട്ടുകാർക്കറിയാം. കാരണവരുടെ ഭരണ ധാർഷ്ട്യത്തിനുള്ള മറുപടിയാണ്. പക്ഷേ വീട്ടുകാർക്ക് സമ്മതിക്കാൻ മടി. തോറ്റാൽ തോറ്റെന്നു സമ്മതിക്കണം. അല്ലാതെ യുഡിഎഫിന് വോട്ടുചെയ്ത നാട്ടുകാർ മൊത്തം വർഗീയവാദിയാണെന്ന് പറഞ്ഞുവെക്കരുത്.
ഒരു തൊഴുത്തിലെ കന്നുകാലി വിസർജ്യത്തിൻ്റെ ദുർഗന്ധം അടുത്ത് താമസിക്കുന്ന നാട്ടുകാർക്ക് മൊത്തം ലഭിച്ചാലും തൊഴുത്ത് പരിപാലിക്കുന്നവന് ഒന്നും തോന്നില്ല. അത് നിത്യം അവിടെ പെരുമാറുന്നതുകൊണ്ടാണ്. നാട്ടുകാർക്ക് മൊത്തം ഭരണ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. പക്ഷേ, മഹാരാജാവിൻ്റെ കോട്ടുവായ ശ്രവണ സുന്ദരമായ രാജകാഹളമാണെന്ന് പാർട്ടിക്കാർ ധരിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ്. അന്തപുരത്ത് നിന്ന് പുറത്തിറങ്ങുക, ജനങ്ങളെ കേൾക്കുക. അവർക്കുള്ള അസ്വസ്ഥത ഉൾക്കൊള്ളാൻ തയ്യാറാവുക.സി.പി.എമ്മുകാരെ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു, നിലമ്പൂരിൽ നിങ്ങൾ തോറ്റത്, തലേന്ന് പഠിക്കാതെ പോയിട്ട് പരീക്ഷക്ക് മാർക്ക് കുറഞ്ഞിട്ടല്ല, നാട്ടുകാർ നിങ്ങൾക്ക് വോട്ട് ചെയ്യാത്ത കാരണം ആര്യാടൻ ഷൗക്കത്തിന് ഭൂരിപക്ഷം ലഭിച്ചിട്ടാണ്.