സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേ കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് ഹൈക്കോടതി. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സാമൂഹ്യ ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എവിടെയെന്നും കെ റെയിലിനോട് സിംഗിൾ ബെഞ്ച് ചോദിച്ചു.സില്‍വര്‍ ലൈന്‍ കല്ലിടല്‍ ചോദ്യം ചെയ്ത് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.സാമൂഹ്യാകാഘ പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് സർക്കാർ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണെന്ന് വിമര്‍ശിച്ച കോടതി, വികസനത്തിന്റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ഇത് ആശങ്കപ്പെടുത്തുന്നെന്നും കോടതി നിരീക്ഷിച്ചു. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ദേശീയ പാതയുടെ കാര്യത്തിലും കോലാഹലങ്ങള്‍ ഉണ്ടായിട്ടില്ല. നേരത്തെ അനുകൂല നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അശാന്തി കണ്ടാകണം നിലപാട് മാറ്റിയത്. കെ റെയിലിന്റെ കാര്യത്തിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും കോടതി പറഞ്ഞു.