യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്‍റിന്‍റേതു പോലെയായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
സംസ്ഥാന സര്‍ക്കാരിനെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായി പോയി. കള്ളക്കടത്ത് കേസ് സംബസിച്ചും തൊഴില്‍ പ്രശ്നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കും. ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ പേരില്‍ നിരന്തരം അന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ നില്‍ക്കുന്ന വധേരയുടെ ചിത്രവും രാഹുല്‍ ഗാന്ധിയുടെ ഓര്‍മ്മയിലുണ്ടായിരിക്കും. ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്.
കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബി.ജെ.പിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണ്. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും ബി.ജെ.പിയാകാന്‍ ഉത്തേജനം നല്‍കുന്നത്. യു.ഡി.എഫിന്റെ ജാഥയില്‍ ബി.ജെ.പിക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായെന്നും സി.പി.എം വ്യക്തമാക്കി.

