കണ്ണൂർ: ഗുജറാത്ത് കാലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് പാർട്ടി സംരക്ഷണം നൽകുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ. ജയിലിൽ പോകാനും തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് ആറുമണിക്ക് പൂജപ്പുരയിൽ ഡിവൈഎഫ്‌ഐ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദർശിപ്പിക്കും. വൈകീട്ട് 6:30 ന് കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്‌ഐ ഡോക്യുമെൻന്ററി പ്രദർശിപ്പിക്കും. ജനുവരി 27 ന് കണ്ണൂർ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.അതേസമയം ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.