മംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ബന്ധുവീടുകൾ ഉൾപ്പടെയാണ് പരിശോധന നടത്തുന്നത്. മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തിയിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്ന പ്രഷർ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. പ്രതി ഷാരിഖ് ബോംബ് സൂക്ഷിച്ച ബാഗുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനിടെ പ്രതി ആലുവയിലെത്തി ഒരു ലോഡ്ജിൽ അഞ്ച് ദിവസം താമസിച്ചിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
തീവ്രവാദ സംഘടനയായ അൽഹിന്ദിന്റെ ദക്ഷിണേന്ത്യൻ ചുമതല വഹിക്കുന്ന അബ്ദുൾ മദീൻ താഹയാണ് മംഗളൂരു സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് സംശയം. ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനമെന്നും കർണാടക എഡിജിപി വ്യക്തമാക്കി.അതേസമയം കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിഖിന് പങ്കുണ്ടെന്ന തെളിവുകൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂർ സ്‌ഫോടനത്തിലെ ചാവേർ ജമീഷ മുബീനുമായി ഷാരിഖ് സെപ്തംബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായും തെളിവുകൾ ലഭിച്ചു.