തദ്ദേശ തെരഞ്ഞെടുപ്പും സര്‍ക്കാരിനെതിരായ തുടര്‍ സമരങ്ങളും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സീറ്റ് ചര്‍ച്ചയുമാണ് പ്രധാന അജണ്ട. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടു പോയതിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യവും വിലയിരുത്തും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിലെത്താനുള്ള നീക്കങ്ങള്‍ യോഗത്തില്‍ തര്‍ക്കത്തിന് കാരണമായേക്കും. യുഡിഎഫ് കണ്‍വീനറായി നിയമിതനായ ശേഷം എം.എം. ഹസന്‍, ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുള്‍ അസീസിനെ സന്ദര്‍ശിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു.
ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യവും യോഗം ചര്‍ച്ച ചെയ്‌തേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി അടുത്ത മാസം നാലു മുതല്‍ 10 വരെ ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കണമെന്നാണ് യുഡിഎഫ് നിര്‍ദ്ദേശം.