കുന്ദമംഗലം; കുന്ദമംഗലം ഗവ. കോളജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന് മുകളില്‍ രണ്ട് നില കൂടി നിര്‍മ്മിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്.
കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കുന്നതിന് 2.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്.
കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി കരാര്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിരിക്കയാണ്.
ഇപ്പോള്‍ 261 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളുമടക്കം 349 വിദ്യാര്‍ത്ഥികളാണ് കോളജില്‍ പഠിച്ചുവരുന്നത്. ബി-കോം വിത് ഫിനാന്‍സ്, ബി.എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന്‍ ട്രേഡ് & ബേസിക് ഇകണോമിക് മെത്തേഡ്‌സ്, ബി.എ ഇംഗ്ലീഷ് വിത് ജേണലിസം & പബ്ലിക് റിലേഷന്‍ എന്നീ കോഴ്‌സുകളാണ് കോളജില്‍ നിലവിലുള്ളത്.
2014ല്‍ ആരംഭിച്ച കോളജ് തുടക്കത്തില്‍ ആര്‍.ഇ.സി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് പുതിയ ക്യാമ്പസിലേക്ക് കോളജ് മാറ്റുന്നത്. കോളജില്‍ നിലവില്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ23സ്ഥിരം ജീവനക്കാരും 9 താല്‍ക്കാലിക ജീവനക്കാരുമുണ്ട്.
കോളജില്‍ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപയും ആധുനിക ടര്‍ഫ് നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിട സൗകര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ തൊഴില്‍ സാദ്ധ്യത കൂടുതലുള്ള പുതിയ കോഴ്‌സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കും. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇപ്പോള്‍ ഭരണാനുമതി ലഭിച്ച 5 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.