വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഫേസ്ബുക്കിലാണ് ശിവന്‍കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് വലിയ പങ്കുണ്ടായിരുന്നു. അവസാന ഓവറില്‍ നടത്തിയ രക്ഷപ്പെടുത്തലാണ് വിജയം സമ്മാനിച്ചത്. ഫോറെന്നുറച്ച പന്താണ് സഞ്ജു തടഞ്ഞുനിര്‍ത്തിയത്. അത് ബൗണ്ടറിയായിരുന്നെങ്കില്‍ വൈഡുള്‍പ്പെടെ വിന്‍ഡീസിന് അഞ്ച് റണ്‍ ലഭിക്കുമായിരുന്നു. പിന്നീട് ജയിക്കാന്‍ അവസാന രണ്ട് പന്തില്‍ രണ്ട് മാത്രം മതിയാകുമായിരുന്നു. എന്നാല്‍ സഞ്ജു രക്ഷകനായി.
സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞതിങ്ങനെ… ”സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, പന്ത് ഫോറായിരുന്നെങ്കില്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുമായിരുന്നു.” ചോപ്ര കുറിച്ചിട്ടു.