നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ജയിച്ചാലും തോറ്റാലും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സ്വരാജ് പറഞ്ഞു. ‘വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍. കുറഞ്ഞ കാലത്തേക്കാണെങ്കിലും എംഎല്‍എ എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ,’ സ്വരാജ് പറഞ്ഞു.
‘ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എതിര്‍പാര്‍ട്ടികള്‍ വിവാദങ്ങളിലൂടെ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് പിടികൊടുക്കാതിരിക്കാന്‍ ശ്രമിച്ചു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുമാണ് ജനങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ചത്. അത് ജനങ്ങള്‍ ആ നിലയില്‍തന്നെ പരിഗണിച്ചില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്,’ സ്വരാജ് പറഞ്ഞു.
‘ഞങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തില്‍ മുന്നോട്ടുപോകും. നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ ഈ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളും വികസന നടപടികളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് പറയേണ്ടിവരും. അങ്ങനെ തോന്നുന്നില്ല,’ സ്വരാജ് പറഞ്ഞു.
‘കറണ്ട്കട്ട് അടക്കം ഇല്ലാതായത് ഇടതുസര്‍ക്കാരിന്റെ കാലത്താണ്. ഭരണവിരുദ്ധവികാരം എന്നുപറയുമ്പോള്‍, വീണ്ടും കറണ്ടുകട്ടിന്റെ കാലത്തേക്ക് തിരിച്ചുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണോ പറയുന്നത്. ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തിയതും കൃത്യമായി വിതരണം ചെയ്യുന്നതും ഇടതുസര്‍ക്കാരാണ്. അപ്പോള്‍ പെന്‍ഷന്‍ നിര്‍ത്തിവെക്കണം എന്നാണ് നിലമ്പൂരിലെ വിധിയിലൂടെ ജനം ഉദ്ദേശിച്ചത് എന്ന് പറയുന്നത് ശരിയാണോ?’ സ്വരാജ് ചോദിച്ചു.
‘അതുകൊണ്ടുതന്നെ, സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരില്‍ നടന്നത് എന്ന് പറയാനാവില്ല. അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കും. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഞങ്ങള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം, കറകളഞ്ഞ മതനിരപേക്ഷ നിലപാട്, കേരളത്തിന്റെ സമഗ്രമായ വികസനം എന്നീ കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പിശകുവന്നിട്ടുണ്ട് എന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പിലും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ശരിയായിത്തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല,’ സ്വരാജ് വ്യക്തമാക്കി.
‘സ്ഥാനാര്‍ഥിയായി വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന ഈരോപണത്തെ കാര്യമായി എടുക്കുന്നില്ല. എന്റെ പഞ്ചായത്തില്‍പോലും വോട്ട് കുറഞ്ഞതായി പറയുന്നു.സ്വന്തം നാട്ടില്‍ പിന്നില്‍ പോയെന്നത് കൊണ്ട് മോശക്കാരനാകില്ല, അത് തോല്‍വിയുടെ മൊത്തത്തിലുള്ള ആഘാതമാണ്. രാഹുല്‍ ഗാന്ധിവരെ സ്വന്തം മണ്ഡലത്തില്‍ തോറ്റിട്ടല്ലേ വയനാട്ടിലേക്ക് വന്നത്. മണ്ഡലത്തില്‍ പൊതുവെ തിരിച്ചടിയുണ്ടായി, പരാജയം ഉണ്ടായി. അത് അംഗീകരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്,’ സ്വരാജ് പറഞ്ഞു.
‘ഞങ്ങള്‍ വിവാദങ്ങള്‍ വോട്ടാക്കാന്‍ പോയിട്ടില്ല. എതിര്‍പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളില്‍ വീണിട്ടുമില്ല. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞതില്‍ പശ്ചാത്താപമില്ല. ഒരു വര്‍ഗീയവാദിയുടെയും ഒരു പിന്തുണയും ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല. അതിന്റെ പേരില്‍ ഇനിയും എത്രതവണ പരാജയപ്പെട്ടാലും നിലപാടില്‍ മാറ്റം വരുത്തില്ല. ശരിയായ നിലപാടുകള്‍ എല്ലാക്കാലവും അംഗീകരിക്കപ്പെട്ടുവെന്ന് വരില്ല. അതിന്റെ പേരില്‍ ശരിയായ നിലപാടുകളെ കൈയൊഴിയില്ല,’ സ്വരാജ് പറഞ്ഞു.
‘ജയപരാജയങ്ങളെ എല്ലാം രാഷ്ട്രീയമായാണ് വിലയിരുത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിച്ചിരുന്നെങ്കിലോ, ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും. ഞങ്ങള്‍ ഇപ്പോള്‍ തോറ്റു, പക്ഷേ തോറ്റാലും ആ സമരം ഞങ്ങള്‍ തുടരും. അത്രയേയുള്ളൂ. ജയിച്ചാലും തോറ്റാലും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും,’ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.