ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവിൽ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ വിശദമായി പരിശോധിക്കുകയാണ്.
ആലത്തൂർ സ്വദേശികളായ പ്രസാദ്(25), ഷിജിൻദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമൽ(28) എന്നിവരാണ് മരിച്ചത്. നാല് പേർ പെരുങ്കടവിള സ്വദേശികളും ഒരാൾ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരിൽ നാല് പേർ ഐഎസ്ആർഒ കാന്റീൻ ജീവനക്കാരാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആലത്തൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ബദറുദ്ദീൻ ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎയും പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.

