ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങൾ.സൗദിക്ക് എതിരെ മെസിയും സംഘവും ഇറങ്ങുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. അര്‍ജന്റീനയെ കൂടാതെ ഫ്രാന്‍സും കളത്തിലിറങ്ങുന്നു.. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് സിയിലെ അര്‍ജന്റീന-സൗദി പോരിന് പിന്നാലെ ഗ്രൂപ്പ് ഡിയിലെ ഡെന്‍മാര്‍ക്ക്-ടുണീഷ്യ മത്സരവും ഇന്ന് നടക്കും. വൈകുന്നേരം 6.30നാണ് ഗ്രൂപ്പ് ഡിയിലെ പോര്. ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോയും പോളണ്ടും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു.അവസാന 36 കളികളില്‍ തോൽവി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. അർജന്‍റീന ഫിഫ റാങ്കിംഗിൽ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. ജിയോവനി ലോ സെൽസോയ്ക്ക് പകരം മെക് അലിസ്റ്ററോ, അലസാന്ദ്രോ ഗോമസോ ടീമിലെത്തുമെന്ന് അർജന്‍റൈന്‍ കോച്ച് ലിയോണൽ സ്കലോണി പറഞ്ഞു. അർജന്‍റീനയും സൗദിയും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അർജന്‍റീന രണ്ട് കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.
80,000 ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്‍റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്. തനിക്ക് ഒരു പരിക്കുമില്ലെന്ന് മെസി വ്യക്തമാക്കിയതോടെ അര്‍ജന്‍റീന ആരാധകര്‍ ആശ്വാസത്തിലാണ്.

