സക്ൂളില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ജില്ലാ ജഡ്ജി. ഇന്ന് ഉച്ചയ്ക്ക് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുവാന്‍ ജില്ലാ ജഡ്ജി സ്‌കൂളിലെ പ്രധാന അധ്യാപകന് നിര്‍ദേശവും നല്‍കി.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം.
‘ഞങ്ങളുടെ ക്ലാസിനു മുമ്പില്‍ പാമ്പ് വരാറുണ്ട്. ക്ലാസിലും കയറാറുണ്ട്. കുട്ടികളുടെ ബാഗില്‍ നിന്നും അരണയെ കിട്ടാറുണ്ട്. മിനിഞ്ഞാന്ന് ഗ്രൗണ്ടില്‍ ഒരു പാമ്പ് പത്തി വിടര്‍ത്തി നിന്നിരുന്നു. മൂത്രപ്പുരയിലും പാമ്പിനെ കണ്ടിട്ടുണ്ട്. പൊത്ത് അടക്കാന്‍ പോലും സ്‌കൂളുകാര്‍ ഒന്നും ചെയ്യാറില്ല.’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് വയനാട് പുത്തന്‍കുന്ന് സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ (10) ാസില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസ്‌റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്ലക്ക് പാമ്പ് കടിയേറ്റത്. പാമ്പു കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. പിന്നീട് കോഴിക്കോട്ടേക്കു കൊണ്ടു പോകുന്നതിനിടെ കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുന്നതിനിടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.