ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവന (നിയന്ത്രണം) നിയമഭേദഗതി ബിൽ ലോക്‌സഭ തിങ്കളാഴ്ച പാസാക്കി. വിദേശസംഭാവന വാങ്ങുന്നതിന് വിലക്കുള്ളവരുടെ പട്ടികയിൽ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പൊതുസേവകരെക്കൂടി ഉൾപ്പെടുത്തി.
നിയമം ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷൻ 360 ദിവസം വരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഭേദഗതിപ്രകാരം കേന്ദ്ര സർക്കാരിനു ലഭിക്കും. വിദേശസംഭാവന വാങ്ങുന്നതിനുള്ള യോഗ്യതയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി.
രാജ്യത്തെ സന്നദ്ധസംഘടനകളെ വരുതിയിൽ നിർത്തുന്നതിനാണ് മോദി സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് അവയും പ്രതിപക്ഷവും ആരോപിക്കുന്നതിനിടയിലാണ് ബിൽ പാസായത്. 2010-ലെ വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ഭേദഗതി ചെയ്താണ് ബിൽ അവതരിപ്പിച്ചത്.
അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വർഗീയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള നടപടികളിൽ ഏർപ്പെട്ടിട്ടില്ലെന്നും പണം വകമാറ്റി ചെലവഴിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ബോധ്യപ്പെട്ടാൽ മാത്രമേ വിദേശ സംഭാവനാ രജിസ്‌ട്രേഷൻ പുതുക്കുകയുള്ളൂ.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
നിലവിലെ വ്യവസ്ഥയും ഭേദഗതിയും
1) വിദേശസംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നിരോധനം
നിലവിലെ വ്യവസ്ഥ: തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, ജഡ്‌ജിമാർ, സർക്കാരുദ്യോഗസ്ഥർ, നിയമനിർമാണ സഭകളിലെ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും പബ്ലിഷറും എന്നിവർ വിദേശസംഭാവന വാങ്ങരുത്.
ഭേദഗതി: സർക്കാർ സേവനത്തിലുള്ളവരും പൊതുസേവനത്തിന് സർക്കാരിൽനിന്ന് പണം വാങ്ങുകയോ പ്രതിഫലം വാങ്ങുകയോ ചെയ്യുന്നവരും വിദേശസംഭാവനകൾ വാങ്ങരുത്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ കോർപ്പറേഷനുകളെയും സ്ഥാപനങ്ങളെയും സർക്കാർസ്ഥാപനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തി. ഇവയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും വിദേശ സംഭാവന സ്വീകരിക്കരുത്.
2) വിദേശസംഭാവനകളുടെ കൈമാറ്റം
നിലവിലെ വ്യവസ്ഥ: വിദേശസംഭാവന സ്വീകരിച്ചവർ ആ പണം, വിദേശസംഭാവന സ്വീകരിക്കാനായി നിയമം പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മറ്റൊരാൾക്ക് കൈമാറരുത്.
ഭേദഗതി: വിദേശസംഭാവന സ്വീകരിച്ചവർ അത് ആർക്കും കൈമാറാൻ പാടില്ല.
3) രജിസ്‌ട്രേഷൻ
നിലവിലെ വ്യവസ്ഥ: വിദേശസംഭാവന വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തികളോ സംഘടനകളോ കേന്ദ്രസർക്കാരിൽനിന്ന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. അല്ലെങ്കിൽ, മുൻകൂർ അനുമതി വാങ്ങണം.
ഭേദഗതി: വ്യക്തിയോ സംഘടനയോ വിദേശസംഭാവന വാങ്ങുന്നതിന് പുതുതായി രജിസ്റ്റർ ചെയ്യുന്നതിനോ നിലവിലുള്ള രജിസ്‌ട്രേഷൻ പുതുക്കുന്നതിനോ ഡയറക്ടർമാരുടെയും പ്രധാന ഭാരവാഹികളുടെയും ആധാർ നമ്പർ നൽകണം. വിദേശികളാണെങ്കിൽ അവരുടെ പാസ്പോർട്ടോ തിരിച്ചറിയൽ കാർഡോ നൽകണം.
4). ബാങ്ക് അക്കൗണ്ട്
നിലവിലെ വ്യവസ്ഥ: ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിന്റെ നിർദിഷ്ടശാഖയിലൂടെ സംഭാവന സ്വീകരിക്കാം. പണം ഉപയോഗത്തിനായി മറ്റു ബാങ്കുകളിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാം.
ഭേദഗതി: എസ്.ബി.ഐ.യുടെ ന്യൂഡൽഹിയിലെ ഏതെങ്കിലും ശാഖയിൽ തുറക്കുന്ന എഫ്.സി.ആർ.എ. അക്കൗണ്ട് വഴി മാത്രമേ വിദേശസംഭാവനകൾ സ്വീകരിക്കാൻ കഴിയൂ. ഈ ശാഖ ഏതെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ അറിയിക്കും. വിദേശ സംഭാവനയ്ക്കു പുറമെ മറ്റൊരു പണവും ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പാടില്ല. ഈ പണം സൂക്ഷിക്കാനോ ചെലവിടുന്നതിനോ പിന്നീട് മറ്റൊരു എഫ്.സി.ആർ.എ. അക്കൗണ്ട് തുടങ്ങാം.