Kerala National News

കുന്ദമംഗലം ന്യൂസ് ഡോട് കോം പരമ്പര കോവിഡ് കാലവും മാധ്യമ പ്രവർത്തനവും പ്രമുഖ മാധ്യമ പ്രവർത്തകർ സംസാരിക്കുന്നു

സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരിപാടിയുടെ ആദ്യ ഘട്ടമാണിത് ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” എന്ന വിഷയത്തിൽ തയ്യാറാക്കുന്ന പരമ്പരയുടെ ഭാഗമായി പ്രശസ്ത മാധ്യമ പ്രവർത്തകർ അവരുടെ ആശങ്കളും പ്രതീക്ഷകളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നു . രണ്ടാം ഘട്ടം നാളെ പ്രസിദ്ധീകരിക്കുന്നതാണ്. ഇന്ന് ജോണി ലൂക്കോസ് ന്യൂസ് ഡയറക്ടർ മനോരമ ന്യൂസ്, ഒ അബ്ദുറഹ്മാൻ ഗ്രൂപ്പ് എഡിറ്റർ മാധ്യമം & മീഡിയ വൺ, സി പി സെയ്തലവി ചന്ദ്രിക ഡെയിലി ചീഫ് എഡിറ്റർ,നവാസ് പൂനൂർ സുപ്രഭാതം ചീഫ് എഡിറ്റർ, എന്നിവർ അവരുടേതായ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു. കുന്ദമംഗലം ന്യൂസ് എഡിറ്റർ സിബ്ഗത്തുള്ള തയ്യാറാക്കിയ റിപ്പോർട്ട്.

മാധ്യമ മേഖലയില്‍ അനിശ്ചിതാവസ്ഥ;
ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട്

ജോണി ലൂക്കോസ്
ന്യൂസ് ഡയറക്ടര്‍
മനോരമ ന്യൂസ്

മാധ്യമ മേഖലയില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണെങ്കിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനം. നിരവധി പ്രശ്‌നങ്ങളാണ് മാധ്യമ മേഖല നേരിട്ടു കൊണ്ടിരിക്കുന്നത്. അച്ചടി മാധ്യമങ്ങളില്‍ നിന്നും തന്നെ തുടങ്ങാം. പത്രങ്ങള്‍ക്ക് രണ്ടു തരത്തിലാണ് വരുമാനമുള്ളത്. ഒന്ന് വരിസംഖ്യാ അടിസ്ഥാനത്തില്‍. മറ്റൊന്ന് പരസ്യത്തില്‍ നിന്നും ലഭിക്കുന്നത്. ഇതില്‍ പരസ്യവരുമാനം കുറഞ്ഞു പോയത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ നടത്തിപ്പിന് ആവശ്യമായ തുക ലഭിക്കുന്നത് വരിസംഖ്യാ വരുമാനത്തില്‍ നിന്നാണ്. പക്ഷെ ഈ വരുമാനം കൊണ്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ല. എത്രയൊക്കെ തന്നെയായാലും ചിലവും ഉല്പാദനവുമുള്ള തുകയുടെ അന്തരം വളരെ വലുതാണ്. ഇതാണ് അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളി.

ഉടനെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട്, പരസ്യങ്ങള്‍ എല്ലാം പഴയ രീതിയില്‍ ലഭിക്കുമെന്ന അവസ്ഥ നിലവിലില്ല. മുഴുവന്‍ അനിശ്ചിതത്വത്തിലാണ്. ചാനലുകള്‍ക്കാണെങ്കില്‍ പരസ്യ വരുമാനം മാത്രമാണ് മുന്‍പോട്ട് പോകാനുള്ള ഏക മാര്‍ഗം. പത്രങ്ങളെ അപേക്ഷിച്ച് പരസ്യം ഇപ്പോള്‍ ചാനലുകള്‍ക്ക് ഉണ്ടെന്നു പറഞ്ഞാല്‍ പോലും മുന്നോട്ട് കൊണ്ടുപോകാന്‍ എത്ര തന്നെ ചിലവ് ചുരുക്കിയാലും കഴിയാത്ത സാഹചര്യമാണ്. പ്രത്യേകിച്ച് വിനോദ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്കാണെങ്കില്‍ സീരിയലുകള്‍ മറ്റു റിയാലിറ്റി ഷോകള്‍ ഒന്നിന്റെയും തന്നെ ഷൂട്ടിങ്ങുകള്‍ നടക്കുന്നില്ല. പഴയ സിനിമകളും മുമ്പ് സംപ്രേഷണം ചെയ്ത ഷോകള്‍ റീ-ടെലികാസ്റ്റ് ചെയ്തുമാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പരസ്യങ്ങള്‍ ലഭിക്കുന്നുമില്ല. അതേസമയം ചാനലിന്റെ ലൈസെന്‍സ് തുടങ്ങിയ അനുബന്ധ ചിലവുകള്‍ ഒന്നും തന്നെ കുറയുന്നുമില്ല. പത്രങ്ങള്‍ക്കു വരിസംഖ്യ ഇങ്ങോട്ട് നല്‍കുന്നതെങ്കില്‍ ഇവിടെ തിരിച്ച് ചാനലുകള്‍ സംപ്രേണം ചെയ്യുന്നതിന് നെറ്റുവര്‍ക്കുകള്‍ക്ക് പണം അങ്ങോട്ട് നല്‍കണം. ഇങ്ങനെയെല്ലാം ദൃശ്യമാധ്യമങ്ങളുടെ നട്ടെല്ലൊടിയുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഏറ്റവും പ്രതിസന്ധി നേരിടുന്ന മാധ്യമ രംഗത്തിന് ഒരിളവും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ന്യൂസ്പ്രിന്റിന് തന്നെ 10% ശതമാനം നികുതിയില്‍ നിന്നും 5% നികുയാക്കി കുറച്ചത് നിരവധി തവണ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ 5% നിന്നും ശതമാനത്തില്‍ ഇളവുകള്‍ പ്രതീക്ഷിച്ചുവെങ്കിലും നടപടിയുണ്ടായില്ല. പരസ്യത്തിന്റെ അനുബന്ധമായി സര്‍ക്കാറിന്റെയും മറ്റു സ്വകാര്യ കമ്പനികളുടെയുമെല്ലാം കുടിശ്ശിക കിട്ടാനുണ്ട്. പക്ഷെ അവരെല്ലാം പ്രതിസന്ധിയിലാണ്. മാധ്യമ സ്ഥാപനങ്ങള്‍ അതിലും വലിയ പ്രതിസന്ധിയിലുമാണ്.

ഇപ്പോഴുള്ള മാര്‍ഗമെന്നത് ഏതെല്ലാം രീതിയില്‍ ചിലവ് ചുരുക്കാമോ അങ്ങനെയെല്ലാം ചിലവ് ചുരുക്കാം എന്നതേയുള്ളു. നിലവിലെ സാഹചര്യം മെച്ചപ്പെടുമോ, കൂടുതല്‍ പ്രതിസന്ധി ഉണ്ടാകുമോ എന്നൊന്നും നമ്മള്‍ക്കിപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ? മഴക്കാലം കൂടി വരാന്‍ പോകുന്നു. സമൂഹത്തില്‍ ചലനങ്ങളില്ലാതെ എങ്ങനെ പരസ്യങ്ങള്‍ ഉണ്ടാവും. നമുക്ക് മാളുകളില്ല, നമുക്ക് സിനിമകളില്ല ഒന്നും സാധാരണ ഗതിയിലേക്ക് എന്നു മടങ്ങുമെന്ന് നമ്മള്‍ക്ക് പറയാന്‍ പറ്റില്ല. കോവിഡിനൊപ്പം ജീവിക്കും എന്ന് നമ്മള്‍ പറയുന്നുണ്ട്. പക്ഷെ ജീവിതം എത്രത്തോളം സുരക്ഷിതമാണെന്നോ എത്രത്തോളം കാര്യം പുനഃരാരംഭിക്കാന്‍ കഴിയുമെന്നോ അറിയില്ല. എല്ലാവര്‍ക്കും ആശങ്കയാണ്. എല്ലാവരും അനിശ്ചിതാവസ്ഥയിലാണ്. എങ്കിലും ശുഭാപ്തി വിശ്വാസം കൈവിടുന്നില്ല.

അതുപോലെ വളരെ ശക്തരായ അധികാരികള്‍ മുന്നില്‍ നിന്നും ദുരന്തങ്ങളെ നേരിടുമ്പോഴും അധികാര കേന്ദ്രീകരണം ഉണ്ടായേക്കാം. അതു കൊണ്ട് തന്നെ ജനാധിപത്യത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് നിലനില്‍ക്കേണ്ടത് ഈ നാടിന്റെ തന്നെ ആവശ്യമാണ്. സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തിയുള്ള സഹായങ്ങള്‍ സര്‍ക്കാരുകളില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഇതൊരു ഔദാര്യമായല്ല നാടിന്റെ അവകാശമായി കാണേണ്ടതുണ്ട്.

സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം;
പ്രതിസന്ധി തുടര്‍ന്നാല്‍
മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും.

ഒ അബ്ദുറഹ്മാന്‍
ഗ്രൂപ്പ് എഡിറ്റര്‍
മാധ്യമം ആന്റ് മീഡിയ വണ്‍

കടുത്ത പ്രതിസന്ധി ജീവിതത്തിന്റെ എല്ലാ തുറകളിലും അനുഭവപ്പെടുന്ന സാഹചര്യമാണ്. മീഡിയ രംഗത്തും ഇത് രൂപപ്പെട്ടുകഴിഞ്ഞു. വളരെ പ്രയാസപെട്ടാണ് വാര്‍ത്താ മാധ്യമങ്ങളും വര്‍ത്തമാനപത്രങ്ങളും മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. മുന്നോട്ടു പോകുന്നുവെന്ന് പറയുന്നത് പോലും സാങ്കേതികമാണ്. കനത്ത തിരിച്ചടിയും പ്രയാസവും നിലവില്‍ നേരിടുന്നു. മുഴുവന്‍ മാധ്യമങ്ങളും പരസ്യങ്ങളെ ആശ്രയിച്ചാണ്. മാര്‍ക്കറ്റ് സജീവമാകുമ്പോഴല്ലേ പരസ്യങ്ങള്‍ ഉണ്ടാകു. ഇപ്പോള്‍ മാര്‍ക്കറ്റ് എന്ന് പറയുന്ന ഒന്നില്ല.

നിലവില്‍ ഇളവുകളോട് കൂടി തുറന്നു പ്രവര്‍ത്തിക്കുന്നത് ചില ലോക്കല്‍ മാര്‍ക്കറ്റുകളാണ്. അതൊരിക്കലും പരസ്യങ്ങളേ ആകര്‍ഷിക്കുകയില്ല. സാധാരണ രീതിയില്‍ കണ്‍സ്യൂമര്‍ പ്രൊഡക്ടുകള്‍ വിപണിയില്‍ എത്തുമ്പോഴാണ് മാര്‍ക്കറ്റില്‍ മത്സരത്തോടു കൂടി കൂടുതല്‍ പരസ്യങ്ങള്‍ എത്തുന്നത്. അത് ചാനലുകള്‍ക്ക് കുറവാണ് വര്‍ത്തമാന പത്രങ്ങള്‍ക്ക് തീരെ ഇല്ലായെന്ന് പറയാം. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ തന്നെ പരസ്യതുക കുറച്ചു വാങ്ങി ഒപ്പിച്ചു പോകുവാന്‍ ശ്രമിക്കുകയാണ്.

രണ്ടാമത് ജീവനക്കാര്‍ പലരും വീടുകളില്‍ നിന്ന് തന്നെ ജോലി ചെയ്യേണ്ട അവസ്ഥയുണ്ട്. എന്നാല്‍ പലര്‍ക്കും സമൂഹത്തില്‍ ഇറങ്ങി പ്രവൃത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെയൊക്കെ ഭാഗമായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് കമ്പനികള്‍ ആലോചിക്കും. അപ്പോഴേക്കും തൊഴിലാളികളെ പിരിച്ചു വിടരുതെന്ന ന്യായമായ ആവശ്യം ഉയരും. പക്ഷെ നിലവിലെ ആളുകളെ വെച്ച് സ്ഥാപങ്ങള്‍ക്കു മുന്നോട്ട് പോകാന്‍ സാധിക്കുകയില്ലായെന്നു വ്യക്തമാണ്. ഇതൊക്കെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഒരു പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ മിക്കവാറും നമ്മുടെ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടും.

ഇപ്പൊ ഐ.എന്‍.എസ് (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി) സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് 1500 മുതല്‍ 1800 കോടി രൂപ വരെയുള്ള പരസ്യ ഇനത്തില്‍ പത്രങ്ങള്‍ക്കും ദൃശ്യ മാധ്യമങ്ങള്‍ക്കും കൊടുക്കാനായിട്ടുള്ള തുക നല്‍കണമെന്നാണ്. ഇത് തരുമെന്ന സാഹചര്യങ്ങള്‍ ഒന്നും നിലവില്‍ കാണുന്നില്ല.

ഇത് അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ പത്ര സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് പറയുന്നത് വെറും വാക്കുകളല്ല. സംഭവിക്കാന്‍ പോകുന്നതാണ്. അതിനു സാധ്യതയുമുണ്ട്. ഇനി ജനാതിപത്യ സമൂഹത്തില്‍ ഇങ്ങനെ ഒരു ഫോര്‍ത്ത് എസ്റ്റേറ്റ് വേണോ എന്ന് ചിന്തിക്കുന്നവരുമുണ്ട് നമ്മുടെ ഭരണ തലപ്പത്ത്. അതാണോ ഇങ്ങനെ പ്രവൃത്തിക്കുന്നതെന്ന് പറയാതെ വയ്യ. ഒരു ജനാധിപത്യ സംവിധാനത്തെ നില നിര്‍ത്തണമെങ്കില്‍ അച്ചടി-ദൃശ്യമാധ്യങ്ങള്‍ നിലനിന്നേ മതിയാവു. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും.

ശബ്ദമില്ലാത്തവന്റെ ശബ്ദമാണ് മാധ്യമങ്ങള്‍

സി പി സെയ്തലവി
ചന്ദ്രിക ഡെയിലി ചീഫ് എഡിറ്റര്‍

മാധ്യമ രംഗം കടുത്ത പ്രതിസന്ധിയിലാണ്; പ്രത്യേകിച്ച് അച്ചടി മാധ്യമം. നിലവില്‍ മറ്റു മാധ്യമങ്ങളെ പോലെ പരസ്യ ലഭ്യത കുറവ് നേരിടുന്നതും മറ്റൊന്ന് ന്യൂസ് പ്രിന്റിങ് വിലയും ലഭ്യതയും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറേ കാലമായി നേരിടുന്ന വിഷയങ്ങളാണ്. വിതരണ രംഗത്തും ഈ പ്രതിസന്ധി തുടരുന്നു. നിലവിലെ കോവിഡ് സാഹചര്യം ഇത്തരം പ്രശ്‌നത്തെ രൂക്ഷമാക്കുകയാണ്. ദേശീയ തലത്തിലുള്ള പ്രമുഖ പത്രങ്ങള്‍ പലതും എഡിഷനുകള്‍ നിര്‍ത്തുന്ന സാഹചര്യം നില നില്‍ക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ പല പത്രങ്ങളും ഇതിനോടകം പല എഡിഷനുകളും നിര്‍ത്തി കൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളെ തരണം ചെയത് കഠിന ശ്രമം നടത്തി മുന്‍പോട്ട് പോകാനുള്ള പ്രയത്‌നത്തിലാണ് മാധ്യമ മേഖല.

വിപണി നേരെ നില്‍ക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പ്രയാസമാണ്. ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ നില നില്‍ക്കേണ്ടത് ജനങ്ങളുടെയും ആവശ്യമാണ്. ജനാധിപത്യത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റായി വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ സമൂഹത്തില്‍ പിടിച്ചു നിര്‍ത്തുന്നതിനായി ജനങ്ങളുടെ പൂര്‍ണ പിന്തുണ മാധ്യമങ്ങള്‍ക്ക് ആവശ്യമാണ്.

മാധ്യമങ്ങള്‍ ഇല്ലാത്ത കാലം ഭരണകൂടങ്ങള്‍ക്കും ആധിപത്യശക്തികള്‍ക്കും ഏത് നിലക്കും അവരുടെ ആധിപത്യങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുന്നതായിരിക്കും. ശബ്ദമില്ലാത്തവന്റെ ശബ്ദമാണ് മാധ്യമങ്ങള്‍. അത് നില നില്‍ക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ മൗലിക അവകാശമാണ്. മാധ്യമങ്ങളെ നിലനിര്‍ത്തേണ്ടതിനായുള്ള ബഹുജന മുന്നേറ്റത്തിന്റെ കാലമായിരിക്കും വരാനിരിക്കുന്നത്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആയിരിക്കും ഇനി മുന്നോട്ടുണ്ടാവുക.

ഉല്‍പ്പാദന നിരക്കിനേക്കാള്‍ ഏഴു മടങ്ങു കുറച്ച് വില്പന നടത്തുന്നതാണ് പത്രങ്ങള്‍. പരസ്യങ്ങള്‍ കൊണ്ട് മാത്രം നില്‍ക്കുന്നതാണ് ഈ മാധ്യമ രംഗം. പരസ്യ ലഭ്യത കുറയുന്നതോടെ വലിയ രീതിയില്‍ അച്ചടി മേഖലയെ ബാധിക്കും. സര്‍ക്കുലേഷന്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരസ്യങ്ങള്‍ക്ക് കൂടുതലായി ലാഭം ലഭിക്കുന്നു എന്നല്ലാതെ ഉല്പാദന ചിലവില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ നിലവില്‍ ഉണ്ടാവുന്നില്ല. അത് കൊണ്ട് മാധ്യമ മേഖലകളെ സംരക്ഷിക്കാന്‍ മാനേജ്മെന്റുകളും ജനങ്ങളും ഒന്നിച്ചു മുന്നിട്ടിറങ്ങാനാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്

വായന സംസ്കാരം നിലയ്ക്കുകയില്ല
ഈ പ്രതിസന്ധിയെയും നമ്മൾ തരണം ചെയ്യും

നവാസ് പൂനൂർ
സുപ്രഭാതം ചീഫ് എഡിറ്റർ

കോവിഡ് പശ്ചാത്തലത്തിൽ എല്ലാ രംഗത്തും പ്രതിസന്ധികൾ നേരിടുകയാണ്. അതിന്റെ ഭാഗമായി മാധ്യമ രംഗത്തെയും അത് ബാധിച്ചിട്ടുണ്ട്. നേരത്തെ തന്നെ ബുദ്ധിമുട്ടുകളോടെ നീങ്ങുന്ന മേഖലയാണ് അച്ചടി മാധ്യമങ്ങൾ. നിലവിലെ പരസ്യത്തിന്റെ ലഭ്യത കുറവ് വലിയ രീതിയിൽ മേഖലയെ ബാധിച്ചു. ഉല്പാദന ചിലവിനു വേണ്ടി 10 രൂപ .50 പൈസ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഒരു പത്രത്തിനു 7 രൂപ 50പൈസയാണ് വിപണി വില. ഇത്തരത്തിൽ ഉല്പാദനത്തിനേക്കാൾ വില കുറച്ചു നൽകുന്ന ഒരു വസ്തു വേറെ ഉണ്ടാവില്ല.

നിലവിലെ സാഹചര്യം മറികടക്കാൻ പത്രമാധ്യമങ്ങൾ ഉല്പാദന ചിലവിൽ കുറവ് വരുത്തി മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു . പേജിന്റെ എണ്ണത്തിൽ കുറവ് വരുത്തി പത്രങ്ങളിൽ മാറ്റം വരുത്തേണ്ടി വരും. അതോടൊപ്പം ന്യുതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് വാർത്തകൾ ആളുകളുടെ വിരൽ തുമ്പിലേക്കു എത്തിച്ചു നൽകേണ്ടിയും വരും. ഇതാണ് പരിഹാര മാർഗമായി മുന്നിൽ കാണുന്നത്. ഈ ദുരിതവും മാധ്യമ മേഖല അതിജീവിക്കും.

എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പത്രമാധ്യമങ്ങൾ നിലച്ചു പോകുമെന്ന കാഴ്ചപ്പാട് തനിക്കില്ല അതിനു കാരണം. കേരള സമൂഹത്തിൽ പണ്ട് കാലഘട്ടം മുതൽക്കേ തുടർന്ന് പോരുന്ന ഒരു വായന സംസ്കാരം നില നിൽക്കുന്നുണ്ട്. അതായത് ദൃശ്യ മാധ്യമങ്ങൾ ആദ്യമായി വന്ന സമയത്ത് അച്ചടി മാധ്യമങ്ങൾക്ക് പരസ്യങ്ങൾ ലഭ്യമാകാതെ വലിയ രീതിയിലുള്ള തിരിച്ചടികൾ നിൽക്കുമെന്ന ആശങ്ക നില നിന്നിരുന്നു. എന്നാൽ കാലം അത് തെറ്റാണെന്നു തെളിയിച്ചു. ഇന്ന് ന്യുതന സാങ്കേതിക വിദ്യഉപയോഗിച്ച് വാർത്തകൾ ലഭ്യമാകുന്നുവെങ്കിലും രാവിലത്തെ കട്ടനൊപ്പമുള്ള മലയാളികളുടെ പത്ര വായന നിലച്ചിട്ടില്ല എന്നത് ഇതിനു ഉദാഹരണമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രപ്രവത്തനവും നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പണ്ട് പത്ര ഉപഭോഗ്താക്കൾക്ക് വായനയിലൂടെ ആവേശത്തോടെ ഗ്യാലറിയിൽ ഇരുന്നു കളികാണുന്നവന്റെ അവസ്ഥയായിരുന്നുവെങ്കിൽ ഇന്ന് ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവന്റെ സ്ഥാനത്തേക്ക് അത് മാറ്റിയെടുക്കുകയും ചെയ്തു. ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവും പക്ഷെ നമ്മുടെ വായന സംസ്കാരം അത് നിലക്കുകയില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!